തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ (സി.ഡി.ആര്‍) പരിശോധിക്കാനുള്ള കേരള പൊലീസിന്‍റെ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം കൊവിഡ് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് രോഗബാധിതരുടെ സി.ഡി.ആര്‍ പരിശോധിക്കാന്‍ പൊലീസിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കൊവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ പരിശോധനക്കെതിരെ പ്രതിപക്ഷ നേതാവ് രോഗികളുമായി സംസാരിച്ച ആളുകളുടെ പട്ടികയും ടവര്‍ ലൊക്കേഷനുമാണ് പൊലീസ് ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി ടി.കെ. വിനോദ് കുമാര്‍ കത്തു നല്‍കി. നേരത്തെ അതീവ ഗുരുതരാവസ്ഥയിലുള്ളതും സമ്പര്‍ക്കം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുമായ കൊവിഡ് രോഗികളുടെ സി.ഡി.ആര്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു.
എന്നാല്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിനും മുകളിലേക്ക് കടന്നതോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ അതീവ ദുഷ്‌കരമായ പശ്ചാത്തലത്തിലാണ് കുറ്റാന്വേഷണ മാതൃകയില്‍ രോഗികളുടെ സി.ഡി.ആര്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് തന്നെ കണ്ടൈന്‍മെന്‍റ് സോണ്‍ നിര്‍ണയിച്ച് രോഗം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സി.ഡി.ആര്‍ ശേഖരിക്കാനുള്ള അധികാരം പൊലീസിനു നല്‍കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ പരിശോധന പൊലീസ് തുടരുമെന്നും സമ്പര്‍ക്കം കണ്ടെത്താന്‍ ഇത് ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാസങ്ങളായി ഇതു തുടരുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തി. എന്ത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിക്ക് മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരധികാരം നല്‍കിയതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഭരണ ഘടനയുടെ അനുച്ഛേദം 21ന്‍റെ നഗ്നമായ ലംഘനമാണിത്. പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിന്‍റെയും സുപ്രീകോടതി വിധിയുടെയും ലംഘനമാണ്. കൊവിഡ് രോഗികളെ സര്‍ക്കാര്‍ ശത്രുക്കളായി കാണുകയാണ്. നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ സംസ്ഥാന ഡി.ജി.പിക്ക് എങ്ങനെ ഇത്തരം നിയമ വിരുദ്ധമായ ഒരു ഉത്തരവിറക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.