കേരളം

kerala

ETV Bharat / state

പാവറട്ടി കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് - സി.ബി.ഐ

രഞ്ജിത്ത് കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനം. ഒക്‌ടോബര്‍  ഒന്നിനാണ് കഞ്ചാവുമായി മലപ്പുറം സ്വദേശി രഞ്ജിത്തിനെ എക്‌സൈസ് സംഘം ഗുരുവായൂരില്‍ നിന്നും അറസ്റ്റ് ചെയ്‌തത്.

രഞ്ജിത്ത് കസ്റ്റഡി മരണം:സി.ബി.ഐ ക്ക് വിടാന്‍ മന്ത്രിസഭായോഗ തീരുമാനം

By

Published : Oct 9, 2019, 12:25 PM IST

Updated : Oct 9, 2019, 12:33 PM IST

തൃശൂര്‍: പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിൻ്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കസ്റ്റഡി മരണങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവിൻ്റെയും പട്‌ന ഹൈക്കോടതി ഉത്തരവിൻ്റെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിൻ്റെ കസ്റ്റഡിമരണം സി.ബി.ഐക്ക് കൈമാറിയത്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്‌കുമാര്‍ എന്ന 49 വയസുകാരന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഒക്‌ടോബര്‍ ഒന്നിനാണ് രണ്ടു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി രഞ്ജിത്തിനെ എക്‌സൈസ് സംഘം ഗുരുവായൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പാവറട്ടിയില്‍ എത്തിയപ്പോള്‍ മരണമടയുകയായിരുന്നു. രഞ്ജിത്ത് അപസ്‌മാര ലക്ഷണങ്ങള്‍ കാണിച്ചതായി എക്‌സൈസ് സംഘം വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് രഞ്ജിത്ത് മരിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടര്‍ നല്‍കിയ മൊഴി നിര്‍ണായകമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രഞ്ജിത്തിൻ്റെ ശരീരത്തില്‍ അഞ്ചിടത്ത് മര്‍ദനമേറ്റതായി കണ്ടെത്തി. തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് തുടരുന്നതിനിടെയാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Last Updated : Oct 9, 2019, 12:33 PM IST

ABOUT THE AUTHOR

...view details