തൃശൂർ: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഷീബയെന്ന വീട്ടമ്മ. 2018ൽ ജില്ലാ കലക്‌ടറുടെ ജനസമ്പർക്ക പരിപാടിയിലാണ് ഷീബയെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പിന്നീട് വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി ഷീബക്ക് വീട് അനുവദിച്ചുകൊണ്ടുള്ള കത്ത് നൽകുകയായിരുന്നു. തുടർന്നുള്ള ഗ്രാമസഭകളിലും ഇവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും രണ്ട് വർഷമായിട്ടും തുടർ നടപടികളൊന്നും പഞ്ചായത്ത് എടുത്തില്ല. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ഷീബയുടെ രേഖകൾ കൃത്യസമയത്ത് കമ്പ്യൂട്ടറിൽ ചേർക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഈ കുടുംബത്തിന് തിരിച്ചടിയായത്.
വീണ്ടും പരാതിയുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പുതിയ അപേക്ഷ നൽകണമെന്ന കാരണം പറഞ്ഞ് ഇവരെ മടക്കിവിടുകയായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടികാണിച്ച് പൊതുപ്രവർത്തകനായ കെ.ജി.രവീന്ദ്രനാഥിൻ്റെ സഹായത്തോടെ ഷീബ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. വിഷയത്തിൽ ഇടപ്പെട്ട കമ്മീഷൻ അംഗം പി.മോഹൻദാസ് പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഷീബക്ക് വീടിനുവേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണെന്നുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കമ്മീഷന് നൽകിയെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും പഞ്ചായത്ത് എടുത്തില്ല.