തൃശൂർ: തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ രമാദേവി- പ്രേംകുമാർ ദമ്പതികളുടെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്നു വീണ അഞ്ചു മക്കളിൽ മൂന്ന് സഹോദരിമാരുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു. 1995 നവംബർ 18നാണ് രമാദേവി നിമിഷങ്ങളുടെ വ്യത്യാസത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകിയത്. ഒരു ആൺകുട്ടിയും നാല് പെൺകുട്ടികൾക്കുമാണ് രമാദേവി ജന്മം നൽകിയത്. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചു മക്കളുടെയും പേരിടീലും ചോറൂണും സ്‌കുൾ പ്രവേശനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. പഞ്ചരത്നങ്ങൾ എന്ന പേരില്‍ പിന്നീട് വാർത്തകളില്‍ നിറഞ്ഞിരുന്ന ഇവരിൽ മൂന്ന് പേരുടെ വിവാഹമാണ് ഗുരുവായൂരിൽ നടന്നത്.
കണ്ണന്‍റെ കൺമുന്നില്‍ താലികെട്ട്: പഞ്ചരത്നങ്ങളില്‍ മൂന്ന് പേർ വിവാഹിതരായി - wedding took place in guruvayoor temple
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് മൂന്ന് സഹോദരിമാരുടെയും വിവാഹം നടന്നത്.
ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കറ്റിൽ ഹോട്ടൽ മാനേജരായ കെ എസ് അജിത് കുമാറും, ഓൺലൈൻ മാധ്യമ പ്രവർത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയും മാധ്യമ പ്രവർത്തകനുമായ കെ ബി മഹേഷ് കുമാറും, അനസ്തീഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്‍റായ ജി.വിനീതും താലികെട്ടി. ഇവരുടെ സഹോദരൻ ഉത്രജൻ കാരണവർ സ്ഥാനത്തു നിന്ന് സഹോദരിമാരെ കൈ പിടിച്ചേൽപ്പിച്ചു.
മക്കളുടെ ഒമ്പതാം വയസിൽ അച്ഛൻ പ്രേം കുമാർ ലോകത്തോട് വിടപറഞ്ഞങ്കിലും രമാദേവിയേയും മക്കളും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചു. ഇതിനിടയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പേസ് മേക്കറിന്‍റെ സഹായത്തോടെയാണ് രമാദേവി ജീവിതം മുന്നോട്ട് നയിക്കുന്നത്. ജില്ലാ സഹകരണ ബാങ്കിന്‍റെ പോത്തൻകോട് ശാഖയിൽ ജോലി ലഭിച്ചതും ജീവിതത്തിൽ താങ്ങായി മാറി. അമ്മത്തണലിൽ നിന്ന് മക്കൾ പുതുജീവിതത്തിലേക്ക് ചേക്കേറുമ്പോൾ രമാദേവിയുടെ പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയം സന്തോഷത്താൽ നിറയുകയാണ്.