തൃശൂർ: മൂന്ന് പതിറ്റാണ്ടായി തരിശുകിടന്ന പാലിയേക്കരയിലെ നൂറേക്കര്‍ പാടത്ത് കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടത്തി. നെന്‍മണി ട്വൻ്റി ട്വൻ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലിയേക്കര പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. മണ്ണെടുത്ത കുഴികളും വെള്ളക്കെട്ടും നിറഞ്ഞ പാടത്താണ് കര്‍ഷകര്‍ മികച്ച വിളവെടുത്തത്.
കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെയും നെന്‍മണിക്കര പഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് നെന്‍മണി ട്വൻ്റി ട്വൻ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലിയേക്കര പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. നെല്‍കൃഷിയില്‍ സമ്പന്നമായിരുന്ന നെന്‍മണിക്കര പഞ്ചായത്ത് ഓട് വ്യവസായത്തിലേക്ക് വഴിമാറിയപ്പോള്‍ ഭൂരിഭാഗം പാടശേഖരങ്ങളും കളിമണ്ണെടുത്ത് കുഴികളായി മാറുകയായിരുന്നു.
പാലിയേക്കരയിലെ നൂറേക്കര്‍ പാടത്ത് കൊയ്ത്തുത്സവം നടത്തി ചണ്ടിയും പായലും വെള്ളക്കെട്ടും നിറഞ്ഞുകിടന്ന പാലിയേക്കരയിലെ നൂറ് ഏക്കര്‍ പാടത്ത് നൂതന സാങ്കേതിക വിദ്യയുപയോഗിച്ചാണ് കൃഷിയിറക്കിയത്. പുലക്കാട്ടുകര, തലവണിക്കര, പാലിയേക്കര പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തില്‍ നെല്‍കൃഷി അപ്രാപ്യമെന്ന് കരുതിയിരുന്നിടത്താണ് കര്‍ഷകര്‍ പൊന്നുവിളയിച്ചത്.
ഞാറുനട്ടതു മുതല്‍ നിരവധി പ്രതിസന്ധികളാണ് കര്‍ഷകര്‍ നേരിട്ടത്. പാടശേഖരത്തിലേക്ക് വെള്ളം കയറുന്നത് തടയാനായി ചെറുതോടുകളെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. കൊയ്ത്തിന് പാകമായ സമയത്ത് വേനല്‍മഴ പെയ്തതും കര്‍ഷകരെ ആശങ്കക്കിടയാക്കി. ഒരാഴ്‌ച മുന്‍പ് പെയ്ത മഴയില്‍ പാടത്ത് വെള്ളം കയറിയതുമൂലം കൊയ്ത്ത് യന്ത്രമിറക്കാന്‍ കഴിയാതെ കൊയ്ത്ത് മുടങ്ങി. ചൊവ്വാഴ്‌ച രാവിലെ യന്ത്രസഹായത്തോടെയാണ് പാലിയേക്കര പാടത്ത് കൊയ്ത്ത് ആരംഭിച്ചത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കലാപ്രിയ സുരേഷ്, നെന്‍മണിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ്.ബൈജു, പി.ആര്‍. അജയഘോഷ്, എ.കെ. സരസ്വതി, കെ.വി. സനോജ്, രജനി മുകുന്ദന്‍, പി.വി. ആനന്ദ്, ജേക്കബ് കിഴക്കൂടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പാലിയേക്കര പാടത്തെ മാതൃകാകൃഷി കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിലും തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ്. ബൈജു പറഞ്ഞു.