തൃശൂര്‍ : ഓൺലൈനായി സിനിമ ബുക്ക് ചെയ്യുന്ന അപ്പുകളുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ച തിയേറ്റർ ഉടമയായ സ്‌ത്രീക്ക് വിലക്ക്. തൃശൂർ ഗിരിജ തിയേറ്റർ ഉടമ ഗിരിജയ്ക്കാണ് ദുരനുഭവം. ഗിരിജ തിയേറ്ററിൽ വാട്‌സ്ആപ്പ് മുഖേന അധിക തുക ഈടാക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതാണ് ഓൺലൈൻ ആപ്പുകളെ ചൊടിപ്പിച്ചത്.
നിരവധി പ്രതിസന്ധികൾ നേരിട്ട് ഒരു തിയേറ്റർ, ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകുന്ന ഗിരിജയുടെ ജീവിതം മുമ്പ് പല തവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഗിരിജയുടെ മനോധൈര്യം ഇന്ന് പലർക്കും പ്രചോദനമാണ്. ഒരു രൂപ പോലും കമ്മിഷൻ നൽകാതെ സാധാരണക്കാർക്കും തന്‍റെ തിയേറ്ററിൽ വന്ന് സിനിമ കാണാൻ സാധിക്കണം എന്ന ഉറച്ച തീരുമാനമാണ് ഗിരിജയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
വനിത തിയേറ്റർ ഉടമക്ക് വിലക്ക് വാട്‌സ്‌ആപ്പിലൂടെ തിയേറ്റർ ഉടമയുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് മറ്റ് ഓൺലൈൻ അപ്പുകളുടെ കമ്മിഷൻ ഇല്ലാതെ ടിക്കറ്റ് നൽകാനുള്ള ആശയമാണ് ഗിരിജ പ്രാവർത്തികമാക്കിയത്. ഇതോടെ ഓൺലൈൻ ആപ്പുകൾ പ്രകോപിതരായി. പൃഥ്വിരാജ് ചിത്രമായ ഗോൾഡിന്‍റെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ഇവരുടെ സൈറ്റുകളിൽ നിന്നും തിയേറ്ററിനെ പൂർണമായും ഒഴിവാക്കിയായിരുന്നു പ്രതികാരം.
ഗിരിജയിൽ വാട്‌സ്‌ആപ്പ് ബുക്കിങ് ആരംഭിച്ച വിവരം പ്രേക്ഷകരിലേക്ക് പൂർണമായും എത്തുന്നതിന് മുമ്പായിരുന്നു മുന്നറിയിപ്പില്ലാതെ ഓണ്‍ലൈന്‍ സൈറ്റുകളുടെ നടപടി. ഇതോടെ നിറഞ്ഞ സദസ് ഉണ്ടാകുമായിരുന്ന തിയേറ്ററിൽ ഫലം വിപരീതമായി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന ഗിരിജയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.
ഇതാദ്യമായി അല്ല തനിക്ക് ഇത്തരം പ്രതിസന്ധികൾ എന്ന് ഗിരിജ പറയുന്നു. ഏതായാലും ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങാൻ ഗിരിജ തയ്യാറല്ല. ഉടൻ തന്നെ ഒരു ബദൽ മാർഗം കണ്ടെത്താനുള്ള നീക്കങ്ങൾ ഗിരിജ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.