തൃശൂര്‍: ഡോക്‌ടര്‍, ഗായകന്‍, യൂട്യൂബർ എന്നിങ്ങനെ നീളുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയുടെ വിശേഷണങ്ങള്‍. കക്കാട്ടുമനയില്‍ ഡോ. കിരണ്‍ ആനന്ദ് കക്കാട് ആണ് നറുക്കെടുപ്പിലൂടെ ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 30ന് സ്ഥാനമേല്‍ക്കുന്ന കിരണ്‍ ആനന്ദ് അതിന് മുമ്പായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനയിരിക്കും.
42 പേര്‍ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ഇതില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട 39 പേരില്‍ നിന്നാണ് 34കാരനായ കിരണ്‍ ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കിരണിന്‍റെ കാലാവധി.
ആറ് വര്‍ഷമായി മോസ്‌കോയിലെ റഷ്യന്‍ ആയുര്‍വേദ ക്ലീനിക്കില്‍ സേവനം അനുഷ്‌ഠിക്കുകയായിരുന്ന കിരണ്‍ ആനന്ദ് ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാനിരിക്കെയാണ് മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ക്ക് അവകാശമുള്ള നാല് ഓതിക്കന്‍ കുടുംബങ്ങളിലൊന്നാണ് കിരണിന്‍റേത്. അച്ഛന്‍ ആനന്ദന്‍ നമ്പൂതിരിയും മുത്തച്ഛന്‍ കക്കാട് ദാമോദരന്‍ നമ്പൂതിരിയും പൂജാരിമാരായിരുന്നു. മുത്തച്ഛന്‍ അഞ്ച് തവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിട്ടുണ്ട്.
ജോലി ഉപേക്ഷിച്ചത് അച്ഛന്‍റെ നിര്‍ദേശപ്രകാരം:ഓതിക്കന്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അച്ഛന്‍ ആനന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റഷ്യയിലെ ജോലി ഉപേക്ഷിച്ച് കിരണ്‍ നാട്ടിലെത്തിയത്. അച്ഛന്‍ ഏല്‍പിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനൊപ്പം സ്വന്തമായൊരു ആയുര്‍വേദ ക്ലിനിക്കും നടത്താമെന്ന് കരുതി ഇരുന്നപ്പോഴാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകാനുള്ള ഭാഗ്യം കിരണിനെ തേടി എത്തിയത്.
മേല്‍ശാന്തി മുഴുവന്‍ സമയവും ക്ഷേത്രത്തിലുണ്ടാകണമെന്നുള്ളത് കൊണ്ട് ക്ലിനിക്ക് തുടങ്ങാനുള്ള പദ്ധതികള്‍ തല്‍ക്കാലത്തേക്ക് മാറ്റി വച്ചുവെന്ന് കിരണ്‍ പറഞ്ഞു. ആയുര്‍വേദ ആചാര്യനായ അമ്മാവനാണ് ആയുര്‍വേദ മേഖല തെരഞ്ഞെടുക്കാന്‍ ഡോ. കിരണിന് പ്രചോദനമായത്.
'എന്‍റെ മാതാപിതാക്കള്‍ ചില ആയുര്‍വേദ ചികിത്സക്ക് വിധേയരായതിന് ശേഷമാണ് ഞാൻ ജനിച്ചത്. വളര്‍ന്നപ്പോള്‍ എന്‍റെ ജനനത്തിന് കാരണമായ ആയുര്‍വേദ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിച്ചു,' ഡോ. കിരണ്‍ ആനന്ദ് പറഞ്ഞു. ആയുര്‍വേദം മാത്രമല്ല, സംഗീതവും കിരണിന് വശമുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭ: നാല് ഗുരുക്കന്മാരില്‍ നിന്നാണ് ഡോ. കിരണ്‍ സംഗീതം അഭ്യസിച്ചത്. എം ജയചന്ദ്രനും മധു ബാലകൃഷ്‌ണനും ചേര്‍ന്ന് ആലപിച്ച ഭക്തിഗാന ആല്‍ബത്തിന് കിരണ്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഒപ്പം അതേ ആല്‍ബത്തില്‍ പാടുകയും ചെയ്‌തു. 1994-95 വര്‍ഷത്തെ സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭയായിരുന്നു പുതിയ ഗുരുവായൂര്‍ മേല്‍ശാന്തി.
ആരോഗ്യകാര്യങ്ങളും യാത്രകളും പരിചയപ്പെടുത്തി കൊണ്ട് ഹാര്‍ട്ട് ഡുവോസ് എന്ന യൂട്യൂബ് ചാനലും കിരണിനുണ്ട്. ഭാര്യ ഡോ. മാനസിയാണ് വ്ളോഗിങില്‍ സഹായിക്കുന്നത്.