കേരളം

kerala

ETV Bharat / state

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ - nadubhagam won cbl sixth game

നെരോലാക് എക്‌സെല്‍ ഫാസ്റ്റസ് ടീം ഓഫ് ദി ഡേയും നടുഭാഗം സ്വന്തമാക്കി. കാരിച്ചാല്‍ രണ്ടാം സ്ഥാനവും ഗബ്രിയേല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ

By

Published : Oct 12, 2019, 10:46 PM IST

Updated : Oct 13, 2019, 4:53 AM IST

തൃശൂർ: ചരിത്രമുറങ്ങുന്ന തൃശ്ശൂർ കോട്ടപ്പുറത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വീണ്ടും ഒന്നാമതെത്തി. മൂന്നു മിനിറ്റ് 44.51 സെക്കന്‍ഡിലാണ് നടുഭാഗം മത്സരം ഫിനിഷ് ചെയ്തത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ രണ്ടാം സ്ഥാനം (3.47.56 മിനിറ്റ്) കരസ്ഥമാക്കി. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാല്‍ അഞ്ച് സെക്കന്‍ഡ് പിഴയായി വാങ്ങി മൂന്നാം സ്ഥാനം (3.50.53 മിനിറ്റ്) കൊണ്ട് തൃപ്തരാകേണ്ടി വന്നു.

സിബിഎല്‍ ആറാം മത്സരത്തിലും നടുഭാഗം ജേതാക്കൾ
ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു. കൊച്ചി മറൈൻ ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, തുഴഞ്ഞ ചമ്പക്കുളം ചുണ്ടനോട് പരാജയപ്പെട്ട നടുഭാഗം വര്‍ധിത വീര്യത്തോടെയാണ് കോട്ടപ്പുറത്ത് തുഴയൂന്നിയത്. 900 മീറ്റര്‍ നീളവും 20 അടി ആഴവുമുള്ള ട്രാക്കിലെ ഹീറ്റ്സില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയെങ്കിലും ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടന്‍ നടുഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.മന്ത്രി വി എസ് സുനില്‍കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, മുസിരിസ് പൈതൃക പദ്ധതി എം ഡി നൗഷാദ് പി എം, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ എന്നിവർ വള്ളംകളി കാണാനെത്തിയിരുന്നു. എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍, കെഎസ്എഫ്ഇ എംഡി എ പുരുഷോത്തം നായര്‍, നെരോലാക് പ്രതിനിധി പ്രവീണ്‍ എന്നിവര്‍ ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.

ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ 83 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ 41 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ 40 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഹീറ്റ്സില്‍ പട്ടികയിലില്ലാത്ത തുഴക്കാരെ വച്ചതിന് ചമ്പക്കുളം ചുണ്ടന് ഫിനിഷിംഗ് സമയത്തില്‍ അഞ്ച് സെക്കന്‍ഡ് അധികം പിഴ ചുമത്തി. അതില്‍ പ്രതിഷേധിച്ച് ചമ്പക്കുളം ഒന്നാം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുത്തില്ല. 37 പോയിന്‍റുമായി അവര്‍ നാലാം സ്ഥാനത്താണ്.

Last Updated : Oct 13, 2019, 4:53 AM IST

For All Latest Updates

ABOUT THE AUTHOR

...view details