എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും (CPM State Committe Member) കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണന്‍റെ ഇന്നത്തെ (29.09.2023) ചോദ്യം ചെയ്യൽ പൂർത്തിയായി. തുടര്‍ന്ന് കൊച്ചിയിലെ ഇഡി ഓഫിസിൽ (Kochi ED Office) നിന്നും അദ്ദേഹം മടങ്ങി. അതേസമയം നേരത്തെ ഹൃദയ ശസ്ത്രക്രിയ ഉൾപ്പടെ നടത്തിയിട്ടുള്ള എംകെ കണ്ണന് ശാരീരികമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചതെന്നാണ് സൂചന.
പ്രതികരണം ഇങ്ങനെ: എന്നാൽ തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ എംകെ കണ്ണൻ പ്രതികരിച്ചത്. തനിക്ക് വിറയൽ അനുഭവപ്പെട്ടില്ല. അവരുടെ ഒരു ഔദാര്യവും ലഭിച്ചിട്ടില്ല. ഇതാരാണ് പറഞ്ഞതെന്നും തന്‍റെ കുടുംബത്തെ ഭയപ്പെടുത്താൻ വേണ്ടി മനഃപൂർവം ആരോ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഇഡി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ബാങ്ക് ഇടപാടുകളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും ഇഡിയുടെ ചോദ്യംചെയ്യൽ സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ആദ്യതവണ ചോദ്യം ചെയ്‌ത് വിട്ടയച്ച വേളയിൽ ഇഡി മാനസികമായി പീഡിപ്പിച്ചുവെന്നും, ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എംകെ കണ്ണന്‍റെ ആരോപണം. അതേസമയം എംകെ കണ്ണൻ പ്രസിഡന്‍റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീഷ് കുമാർ വലിയ നിക്ഷേപം നടത്തിയതായാണ് ഇഡി ആരോപിക്കുന്നത്.
മുഖ്യമന്ത്രിയെ കണ്ട ശേഷം ഇഡി ഓഫിസിലേക്ക്: രാവിലെ പതിനൊന്ന് മണിയോടെ ഇഡി ഓഫിസിൽ ഹാജരായ എംകെ കണ്ണൻ വൈകുന്നേരം മൂന്നരയോടെയാണ് മടങ്ങിയത്. രാവിലെ തൃശൂരിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച നടത്തിയ ശേഷമായിരുന്നു എംകെ കണ്ണൻ ഇഡി ഓഫിസിലെത്തിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോൾ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി തന്‍റെ നേതാവ് അല്ലേയെന്നും മുഖ്യമന്ത്രിയെ കണ്ടതും ഇതും തമ്മിൽ ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. താൻ പാർട്ടിക്കാരനാണല്ലോ, പിന്നെയെന്തിനാണ് പാർട്ടി സംരക്ഷണമുണ്ടാവുമോയെന്ന് ചോദിക്കുന്നതെന്നും എംകെ കണ്ണൻ ചോദിച്ചിരുന്നു.