തൃശൂര്‍:ഭാര്യയുടെ മരണാനന്തര ചടങ്ങിനായി ബന്ധുക്കൾക്കൊപ്പം വീട്ടില്‍ എത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ അഞ്ചേരിച്ചിറ സ്വദേശി ക്രിസോസ്‌റ്റം ബഞ്ചമിനെയാണ് (58) തൃശൂർ ഒന്നാം അഡീ ജില്ല കോടതി ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി വിദേശത്ത് നിന്നും എത്തിയ കൗമാരക്കാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം ഇങ്ങനെ:2017 നവംബർ 21നായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ഭാര്യ മരണപ്പെട്ടതറിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാനായി വിദേശത്ത് നിന്നും ഇവരുടെ ഉറ്റ ബന്ധുവായ കൗമരക്കാരിയെത്തിയിരുന്നു. മരണാനന്തര ചടങ്ങിന് ശേഷം തിരികെ പോകാനായി കുട്ടിയുടെ മാതാപിതാക്കൾ പ്രതിയുടെ മകനെയും കൂട്ടി ഷോപ്പിങ്ങിനായി പുറത്തുപോയ സമയത്ത് വീട്ടിൽ ഒറ്റക്കായ കൗമാരക്കാരിയെ പ്രതി ലെെംഗികമായി അതിക്രമിച്ചത്. സ്വന്തം പിതാവിന്‍റെ സ്ഥാനത്ത് കണ്ട പ്രതിയിൽ നിന്നുമുണ്ടായ ദുരനുഭവം പെണ്‍കുട്ടിക്ക് ഷോക്കായി മാറി. ഭയത്തോടെ തിരികെപോയ പോയ പെണ്‍കുട്ടി സംഭവം വിദേശത്തെ സ്‌കൂളിൽ വച്ചാണ് വെളിപ്പെടുത്തുന്നത്.
തുടർന്ന് വിവരമറിഞ്ഞ മാതാവ് ഇ-മെയിൽ മുഖാന്തരം ഇന്ത്യൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഒല്ലൂർ പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിയിലുണ്ടായ കാലതാമസം കാണിച്ച് പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ഹാജരായത്. എന്നാല്‍ പ്രതി കുറ്റം ചെയ്‌ത സാഹചര്യം വളരെ അപൂർവമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കഠിന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയിൽ പറഞ്ഞു. വിധി ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കുകയായിരുന്നു.
ആണ്‍കുട്ടിക്ക് നേരെയും അതിക്രമം:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. പാലക്കാട് ഒറ്റപ്പാലം മുള്ളൂർ സ്വദേശി സിദ്ധിക്ക് (43) ബാഖവിയേയാണ് കുന്നംകുളം ഫാസ്‌റ്റ്‌ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ജനുവരി മുതല്‍ പഴുന്നാനയിലും, പന്നിത്തടത്തെ മദ്രസയിലും വച്ച് ഇയാൾ തുടർച്ചയായി പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡനത്തിനിരയാക്കിയിരുന്നു. പീഡനത്തിനിരയായ കുട്ടി സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
രാത്രി വളരെ വൈകിയ സമയങ്ങളിൽ പോലും അധ്യാപകന്‍ തന്നെ പീഡിപ്പിച്ചിരുന്നതായി കുട്ടി സ്‌കൂള്‍ അധ്യാപകരോട് വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് അധ്യാപകർ മാതാപിതാക്കളെ വിവരമറിയിച്ചതോടെ കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പൊലീസില്‍ പരാതി നൽകുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്‌തരിക്കുകയും 32 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്‌തിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയുമാണ് ഹാജരായത്.