തൃശൂര്‍: ജില്ലയുടെ കിഴക്കൻ മേഖലയെ വെള്ളക്കെട്ടിലാക്കിയ ഏനാമാക്കൽ ബണ്ടിലെ വളയം കെട്ടുകൾ പൊട്ടിച്ചു നീക്കി. ജില്ലയുടെ കോൾമേഖലകളെ വെള്ളക്കെട്ട് ബാധിച്ച് ദിവസങ്ങളായിട്ടും ഏനാമാക്കൽ ബണ്ട് തുറക്കാൻ വിസമ്മതിച്ച് നിൽക്കുകയായിരുന്നു ജലവകുപ്പ് ഉദ്യോഗസ്ഥർ. ഇതിനെതിരെയാണ് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരിട്ടെത്തി ഉദ്യോഗസ്ഥരെ ശാസിച്ചത്.
ബണ്ട് പൊളിക്കാതെ നാടിനെ വെള്ളക്കെട്ടിലാക്കി; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന - ജലവകുപ്പ് ഉദ്യോഗസ്ഥർക്ക്
കലക്ടറുടെ നിർദേശം പോലും പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍.
ജില്ലാ കലക്ടറുടെ നിർദേശം പോലും പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉടൻ പൊളിച്ചു നീക്കിയില്ലെങ്കിൽ പെൻഷൻ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും മന്ത്രി താക്കീത് നൽകി. പൊളിച്ച് നീക്കിയിട്ടേ താൻ മടങ്ങുന്നുള്ളൂവെന്ന് മന്ത്രി അറിയിച്ചതോടെ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലായി. തുടര്‍ന്ന് രാത്രിയില്‍ തന്നെ ബണ്ട് പൊളിച്ച് നീക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. രാവിലെയോടെ വളയം കെട്ടുകൾ പൊട്ടിച്ച് നീക്കി. ഇതോടെ ഒഴുക്ക് വേഗത്തിലാവുകയും നഗരത്തിന്‍റെ കിഴക്കൻമേഖലയായ വില്ലടം, വിയ്യൂർ, പെരിങ്ങാവ് എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്തു.