തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരിച്ച ഹുസൈന്‍റെ കുടുംബത്തിന് സർക്കാർ ആശ്വാസ ധനം ഒന്നാം ഗഡു മന്ത്രി എ.കെ ശശീന്ദ്രൻ ഹുസൈന്‍റെ വീട്ടിലെത്തി കൈമാറി. ഹുസൈന്‍റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ തുകയായ പത്ത് ലക്ഷം രൂപയിൽ ഒന്നാം ഗഡുവായ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് മന്ത്രി കൈമാറിയത്.
കാട്ടാനയുടെ ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം; കുടുംബത്തിന് നേരിട്ടെത്തി ധനസഹായം നല്‍കി മന്ത്രി എ.കെ ശശീന്ദ്രൻ ഡിപ്പാർട്ട്‌മെന്‍റിലെ മിടുക്കനായ ഒരു ഓഫിസറെയാണ് നഷ്‌ടപ്പെട്ടതെന്നും ആ സ്‌നേഹവും പരിഗണനയും കുടുംബത്തോട് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇത്ര പെട്ടെന്ന് ആശ്വാസ നടപടികൾ സ്വീകരിക്കുന്നത് കോഴിക്കോട് ജില്ലയിൽ ആദ്യമാണ്. അതിനു ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായി. ബാക്കി അഞ്ച് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവകാശിക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ് ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു ടി എൻ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷവും, ഇൻഷുറൻസ് തുകയായി മൂന്ന് ലക്ഷം രൂപയും സർക്കാർ ആശ്വാസ ധനത്തിന് പുറമേ നൽകാൻ കഴിയും. ഏതെല്ലാം വിധത്തിൽ കുടുംബത്തെ സഹായിക്കാൻ പറ്റുമോ ആ നിലയ്‌ക്ക് എല്ലാം സർക്കാർ ഇടപെടുമെന്നും ഹുസൈന്‍റെ ഭാര്യയ്‌ക്ക് ജോലി നൽകുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹുസൈൻ താത്‌കാലികമായി നിർമിച്ച വീട് പൊളിച്ചുമാറ്റി പുതിയ വീട് നിർമിച്ചു നൽകുമെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്‌ദുറഹ്മാനും പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിൽ ലിന്‍റോ ജോസഫ് എം.എൽ.എ, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.