തൃശൂർ: വാഹനപ്രേമികളെ ഇതിലെ ഇതിലെ.. എന്നാൽ ഈ വാഹനങ്ങളിൽ ആളെ കയറ്റില്ല. ടൂറിസ്റ്റ് ബസുകൾ, കെഎസ്ആർടിസി ബസുകൾ, ലോറികൾ, ജീപ്പ് തുടങ്ങി വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം മുളങ്കുന്നത്തുകാവ് സ്വദേശി മഹേഷിന്‍റെ വീട്ടിൽ. ആരേയും അമ്പരപ്പിക്കുന്ന വിധം പാർക്ക് ചെയ്‌തിരിക്കുന്ന ഈ വാഹനങ്ങൾ സ്വന്തമാക്കിയത് പക്ഷേ പേപ്പറും പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണെന്ന് മാത്രം. ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചറുകളാണ് ഇവയെങ്കിലും സംഗതി ക്ലാസാണ്. എന്തെന്നാൽ ഓരോ വാഹനത്തെയും അതീവ സൂക്ഷ്മമായാണ് മഹേഷ് തയ്യാറാക്കിയിരിക്കുന്നത്. രൂപകൽപനയും നിറംചാർത്തലും അതിസുന്ദരം.
ആനവണ്ടി മുതൽ രാമരഥം വരെ.. മഹേഷിന്‍റെ വാഹനശേഖരം - മഹേഷിന്‍റെ വാഹനങ്ങൾ
മരപ്പണിക്കാരാനായ മഹേഷ് ജോലിയുടെ ഇടവേളകൾ ചെലവഴിക്കാൻ ആരംഭിച്ച മിനുക്കുപണികൾ അടക്കാനാകാത്ത അഭിനിവേശമായി മാറിയപ്പോൾ കോഴിക്കുന്നിലെ മഹേഷിന്‍റെ വീടുമുറ്റം പാർക്കിങ് ഗ്രൗണ്ടായി മാറുകയായിരുന്നു
മരപ്പണിക്കാരാനായ മഹേഷ് ജോലിയുടെ ഇടവേളകൾ ചെലവഴിക്കാൻ ആരംഭിച്ച വിനോദം അടക്കാനാകാത്ത അഭിനിവേശമായി മാറിയപ്പോഴാണ് കോഴിക്കുന്നിലെ മഹേഷിന്‍റെ വീടുമുറ്റം പാർക്കിങ് ഗ്രൗണ്ടായി മാറിയത്. കയ്യിൽ കിട്ടുന്ന പാഴ് വസ്തുക്കൾ എല്ലാം മഹേഷ് ശേഖരിക്കും. എല്ലാം വാഹന നിർമ്മാണത്തിനായി മാറ്റിവെക്കും. പേപ്പര്‍, ഫോറക്‌സ് ഷീറ്റ്, കാർഡ് ബോർഡ്, കല്യാണകുറികൾ, പശ എന്നിവയാണ് മഹേഷിന്‍റെ മിനിയേച്ചർ വണ്ടികളുടെ പ്രധാന അസംസ്‌കൃത വസ്‌തുക്കൾ. കുഞ്ഞൻ വണ്ടികളുടെ നിർമാണ മികവ് സംസ്ഥാനതലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. കെ.എസ്.ആർ.ടി.സിയുടെ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ നടന്ന ആനവണ്ടി എക്സ്പോയിൽ പങ്കെടുക്കാൻ മഹേഷിന് അവസരം ലഭിച്ചിരുന്നു. അന്ന് കെ.എസ്.ആർ.ടി.സിയുടെ ശബരി ബസാണ് മഹേഷ് പ്രദർശിപ്പിച്ചത്. ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരാധകനായതിനാൽ രാമന്‍റെ സഞ്ചാര വാഹനമായ രാമരഥമെന്ന ലോറിയാണ് ലോക്ക് ഡൗൺ കാലത്ത് മഹേഷ് നിർമ്മിച്ചത്. അടുത്തതായി ആയിരക്കണക്കിനാളുകളുടെ സഞ്ചാര വാഹനമായ ട്രെയിൻ നിർമിക്കുകയാണ് മഹേഷിന്‍റെ ലക്ഷ്യം.