തൃശൂർ: തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിൽ മൈഗ്രേഷൻ പോളിസിയുടെ ഭാഗമായി പഠിക്കാനെത്തിയ വിദ്യാർഥികളെ രാജസ്ഥാനിലെ ടോങ്കിലേക്ക് യാത്രയാക്കി. ലോക്ക് ഡൗൺ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ രാജസ്ഥാൻ സർക്കാരും കേരള സർക്കാരും പ്രത്യേക ഇടപെടലുകൾ നടത്തിയതിൻ്റെ ഫലമായാണ് യാത്ര സഫലമായത്.
വർഷംതോറും രാജസ്ഥാനിലെ ടോങ്കിലേക്കും അവിടെനിന്ന് തൃശൂരിലെ മായന്നൂരിലേക്കും ദേശീയോദ്‌ഗ്രഥന പ്രോത്സാഹനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ പഠനത്തിനെത്താറുണ്ട്. മാർച്ച് 21ന് ടോങ്കിലെ ജവഹർ നവോദയ വിദ്യാലയത്തിൽനിന്ന് 25 മലയാളി വിദ്യാർഥികളെ എത്തിച്ചിരുന്നു. അതിനുശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടെനിന്നുള്ള 23 പേരുടെ യാത്ര നീളുകയായിരുന്നു. 15 ആൺകുട്ടികളെയും എട്ട് പെൺകുട്ടികളെയുമാണ് തൃശൂരിൽ നിന്നും ടോങ്കിലേക്ക് യാത്രയാക്കിയത്.