തൃശൂർ :എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘത്തിലെ പ്രധാന കണ്ണിയെ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തു. ബെംഗളൂരു യെലഹങ്ക ആസ്ഥാനമാക്കി ലഹരി വിപണനം നടത്തുന്ന സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി(29) എന്ന 'ഡോണ്‍' ആണ് പിടിയിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്‌തീൻ സ്വദേശി ഹസൈൻ(29) എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
ഹസൈനില്‍ നിന്ന് 350 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് പ്രതികള്‍ മയക്കുമരുന്ന് മൊത്ത കച്ചവടം നടത്തിയിരുന്നത്. 2022 മെയില്‍ മണ്ണുത്തിയില്‍ നിന്ന് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ എന്നയാളെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാൻ സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് സുഡാൻ സ്വദേശിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
ഇയാൾ ഇതിന് മുൻപും പലതവണ വിദേശത്തുനിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തി വിതരണം ചെയ്‌തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി 7 വർഷം മുമ്പാണ് സുഡാനിൽ നിന്നും ഇയാൾ ഇന്ത്യയിലെത്തിയത്. ഇതിന് ശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചില്ലറ വിൽപനക്കാരേയും ഇതിന് മുൻപ് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മയക്കുമരുന്ന് മൊത്തക്കച്ചവട സംഘത്തെ പിടികൂടുന്നത് അപൂർവമാണ്. ഹസെെനെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി ബെംഗളൂരു പൊലീസിന് കൈമാറി.