തൃശൂർ: സ്വന്തം വീടെന്ന സ്വപ്‌നത്തിലേക്ക് എത്താൻ ഇനിയും ഒരു ലക്ഷം രൂപ കൂടി വേണം തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി മണികണ്‌ഠന്. ജന്മനാ കാഴ്‌ച പരിമിതിയുള്ള മണികണ്‌ഠന് ലൈഫ് ഭവന പദ്ധതിയിൽ വീടിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ വീടുവയ്‌ക്കാൻ ആവശ്യമായ ഭൂമി വാങ്ങാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
അന്ധതയിലും വെളിച്ചം തേടി മണികണ്ഠൻ; വീടെന്ന സ്വപ്‌നത്തിലേക്കെത്താൻ കനിവ് തേടുന്നു വരന്തരപ്പിള്ളിയിലെ റോഡരികില്‍ ലോട്ടറി വിറ്റ് കിട്ടുന്ന കാശ് കൊണ്ടാണ് മണികണ്‌ഠനും പ്രായമായ അമ്മയും ജീവിക്കുന്നത്. പഞ്ചായത്തില്‍ നിന്ന് പതിച്ചുകിട്ടിയ മൂന്ന് സെന്‍റ് സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മിച്ച് കൊടുത്ത വീട്ടിലാണ് അമ്മയ്‌ക്കൊപ്പം മണികണ്‌ഠന്‍ കഴിയുന്നത്.
ഈ വീടിനും സ്ഥലത്തിനും അമ്മയുടെ സഹോദരങ്ങളടക്കം അവകാശികളേറെയുണ്ട്. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് വയ്ക്കാന്‍ അനുമതി കിട്ടിയത്. പക്ഷേ അന്ധതയുടെ ബുദ്ധിമുട്ട് കാരണം അപരിചിതമായ സ്ഥലത്തേക്ക് മാറുക എന്നത് മണികണ്‌ഠന് പ്രായോഗികമായിരുന്നില്ല.
ഇത് മനസിലാക്കിയ അടുത്തുള്ള വീട്ടുകാര്‍ നാല് ലക്ഷം രൂപയ്ക്ക് അവരുടെ മൂന്ന് സെന്‍റ് ഭൂമി നല്‍കാന്‍ തയാറായി. എന്നാൽ ഇതില്‍ മൂന്ന് ലക്ഷം രൂപ മാത്രമേ ഇതുവരെ നൽകാനായുള്ളു. ബാക്കി ഒരു ലക്ഷം കൂടി ഈ മാസത്തിനകം നല്‍കാനായില്ലെങ്കില്‍ കൊടുത്ത പൈസയും ഭൂമിയും കൈവിട്ട് പോകും.
സ്ഥലം ലഭിച്ചാല്‍ ലൈഫ് മിഷന്‍ പദ്ധതി വഴി നാല് ലക്ഷം രൂപ വീട് വയ്ക്കാന്‍ ലഭിക്കും. കനിവുള്ളവരുടെ സഹായത്തിലൂടെ ഒരു ലക്ഷം രൂപ കൂടി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗായകന്‍ കൂടിയായ ഈ മനുഷ്യന്‍.