തൃശൂർ: തൃശൂർ നഗരത്തിൽ ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണുമായി പ്രത്യക്ഷപ്പെടുന്നവരാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടരും. ആഴ്‌ചയിൽ ആറുദിവസവും നഗരത്തിലെ ബസ്റ്റോപ്പിൽ ഭക്ഷണമില്ലാത്തവര്‍ക്ക് ഊണൊരുക്കി നല്‍കുകയാണ് ജയ്‌സണും സംഘവും. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിവസവും ഉച്ചക്ക് 12.30നാണ് ജയ്‌സണും സംഘവും തെരുവില്‍ കഴിയുന്നവര്‍ക്ക് ഊണ് നല്‍കുന്നത്.
തൃശ്ശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലാണ് വേറിട്ട ഈ ഊണ് വിതരണം. നിലവില്‍ തെരുവില്‍ അലയുന്നവരുടെ ഭക്ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ബസ് സ്റ്റോപ്പ്.വടൂക്കര സ്വദേശി ജെയ്‌സൺ പോളും ഭാര്യ ബിനു മരിയയും പിന്നെ ഏതാനും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവരാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.100 മുതൽ 150 പേർക്കാണ് ഇവര്‍ ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നത്. കയ്യിൽ കാശില്ലാത്ത ആർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാനാകും.