തൃശൂർ : കോലഴിയില്‍ ഭാര്യാപിതാവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്‌ണൻ (49)ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്‌ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരി മണലിത്തറ സ്വദേശിയായ ശ്രീകൃഷ്‌ണനും കുടുംബവും കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭാര്യാപിതാവ് ഉണ്ണികൃഷ്‌ണനും ശ്രീകൃഷ്‌ണന്‍റെ കുടുംബത്തോടൊപ്പമാണ് താമസം. ഇന്നലെ രാവിലെ ഒമ്പതരയോടെ വാടക വീട്ടിൽ ആയിരുന്നു സംഭവം.
വീട്ടിലെ കത്തി ഉപയോഗിച്ച് ഉണ്ണികൃഷ്‌ണന്‍ ശ്രീകൃഷ്‌ണനെ കുത്തുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വയറിന് ആഴത്തില്‍ കുത്തേറ്റ ശ്രീകൃഷ്‌ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്‌ക്ക് രണ്ടരയോടെ മരണത്തിന് കീഴടങ്ങി.
ശ്രീകൃഷ്‌ണന്‍റെ ഏക മകൾ കോലഴിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മാസങ്ങൾക്ക് മുൻപ് ശ്രീകൃഷ്‌ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്. സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്‌ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനെ തുടര്‍ന്ന് : തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമയുടെ ശരീര ഭാഗങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട സിദ്ധിഖിന്‍റെ ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ഷിബിലിയും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും പൊലീസ് പിടിയിലായി. പാലക്കാട്, വല്ലപ്പുഴ സ്വദേശിയാണ് മുഹമ്മദ് ഷിബിലി. പാലക്കാട് ചളവറ സ്വദേശിയാണ് ഫർഹാന. ഫര്‍ഹാനയെ മുന്‍നിര്‍ത്തിയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഹണിട്രാപ്പിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി ട്രോളി ബാഗില്‍ നിറച്ച് ഉപേക്ഷിക്കുകയായിരുന്നു. സിദ്ധിഖിനെ കൊലപ്പെടുത്തിയത് ക്രൂരമായി മർദിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ശ്വാസ തടസമുണ്ടായെന്നും വാരിയെല്ല് തകർന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.