തൃശൂർ:ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവതി അറസ്റ്റിൽ. നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് (51) പിടിയിലായത്. എൽഎസ്‌ഡി സ്റ്റാമ്പുകളുമായാണ് ബ്യൂട്ടീഷ്യനായ യുവതിയെ എക്സെെസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഷീ സ്റ്റൈൽ' എന്ന ബ്യൂട്ടിപാർലറിന്‍റെ മറവിലാണ് അറസ്റ്റിലായ ഷീല മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്. സ്റ്റാമ്പ് ഒന്നിന് 5,000 രൂപക്ക് മുകളിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്. 12 എൽഎസ്‌ഡി സ്റ്റാമ്പുകള്‍ ഇവരില്‍ നിന്നും എക്സെെസ് കണ്ടെടുത്തു.