തൃശൂര്‍: നിർധനരായ രോഗികൾക്ക് ആശ്വാസമായി തൃശൂർ ജനറൽ ആശുപത്രിയിലെ ഹൈടെക് രക്ത ബാങ്ക്. ഒരു യൂണിറ്റ് രക്തത്തിന് വെറും 130 രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്. ബിപിഎൽ അല്ലാത്തവർക്ക് 275 രൂപയാണ് ഈടാക്കുന്നത്. രക്തഘടകങ്ങളെ വേർതിരിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റ് സ്വകാര്യ രക്ത ബാങ്കുകളില്‍ ഒരു യൂണിറ്റ് രക്തത്തിന് പരിശോധന ഫീസ് അടക്കം 800 രൂപ വരെ നൽകണം. ഈ സാഹചര്യത്തിലാണ് സാധാരണക്കാരായ രോഗികൾക്ക് തൃശൂർ ജനറൽ ആശുപത്രിയിലെ രക്ത ബാങ്ക് സഹായമാകുന്നത്.
നിർധന രോഗികൾക്ക് ആശ്വാസമായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഹൈടെക് രക്തബാങ്ക് - thrissur general hospital blood bank
ജനറൽ ആശുപത്രിയിലെ ഹൈടെക് രക്ത ബാങ്കില്‍ ഒരു യൂണിറ്റ് രക്തത്തിന് ബിപിഎല്ലുകാര്‍ക്ക് 130 രൂപയും അല്ലാത്തവര്‍ക്ക് 275 രൂപയുമാണ് ഈടാക്കുന്നത്
സർക്കാർ ആശുപത്രികളിലെ പ്രസവസംബന്ധമായ ആവശ്യങ്ങൾക്ക് രക്തവും രക്തഘടകങ്ങളും ഇവിടെ നിന്ന് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നും വരുന്നവര്‍ക്ക് പരിശോധന ഫീസടക്കം ഒരു യൂണിറ്റിന് 500 രൂപ നല്‍കിയാല്‍ മതി. ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികൾക്കും വ്യക്തികൾക്കും രക്തവും രക്തകോശങ്ങളും വിതരണം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ മദർ ബ്ലഡ് ബാങ്കാണിത്.
രക്ത കോശങ്ങളെ വേർതിരിക്കാനുള്ള ക്രയോ ഫ്യൂജ്, പ്ലേറ്റ്‌ലറ്റുകൾ സൂക്ഷിച്ചു വെക്കാനുള്ള പ്ലേറ്റ്‌ലറ്റ് അജിറ്റേറ്റർ, പ്ലാസ്മ സൂക്ഷിക്കാൻ ഡിഫ്രീസർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ട് ഈ ഹൈടെക് രക്തബാങ്കിൽ. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തദാതാവിനെ കൊണ്ടുവന്നില്ലെങ്കിലും ഇവിടെ നിന്നും രക്തം ലഭിക്കുമെന്നതും സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ്.