തൃശൂർ:കുഞ്ഞനം പാറയിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. ലോറി ഡ്രൈവറെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് സേലം സ്വദേശി ശേഖറാണ് അറസ്റ്റിലായത്.
ഡിസംബര്‍ ഏഴിനായിരുന്നു സംഭവം. രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് തൃശൂരിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു 25കാരനായ ആകാശ്. മരത്താക്കര കുഞ്ഞനം പാറ ട്രാഫിക്ക് സിഗ്നലില്‍ എത്തുന്നതിന് മുൻപ് അജ്ഞാത വാഹനം ഇടിച്ച് തലയിൽ കൂടി കയറിയിറങ്ങി നിർത്താതെ പോയി. സംഭവസ്ഥലത്ത് വച്ച് തന്നെ ആകാശ് മരണപ്പെട്ടു.
അപകട വിവരം അറിഞ്ഞ ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു. എന്നാല്‍, ദേശീയ പാതവഴി നിരവധി വാഹനങ്ങൾ കടന്നു പോകുന്നതിനാലും രാത്രി സമയമായതിനാലും തട്ടിയ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തൃശൂർ സിറ്റി പൊലീസിന്‍റെ ഉൾപ്പെടെ നിരവധി സിസിടിവികളും, പാലിയേക്കര ടോൾപ്ളാസ വഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു.
ഇങ്ങനെ ലഭിച്ച നൂറ് കണക്കിന് വാഹനങ്ങളുടെ യാത്രാവിവരങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം പിടികൂടാനായത്. ബെംഗളൂരുവില്‍ നിന്നും ഇരുമ്പ് പൈപ്പ് ലോഡും കൊണ്ട് പോയിരുന്ന ടോറസ്സ് ലോറിയാണ് ആകാശിനെ തട്ടിയത്. ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.
ഒല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബെന്നി ജേക്കബ്, പ്രിൻസിപ്പൽ എസ്.ഐ ബിബിൻ ബി നായർ, എസ്.ഐ മാരായ ഫിയാസ്, അനിൽകുമാർ, അക്ബർ, സിപിഒ അഭീഷ് ആന്‍റണി, അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.