കേരളം

kerala

ETV Bharat / state

ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടികയായി - candidates of LDF in thrissur

തൃശൂര്‍ കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തില്‍ 29 ഇടത്തേക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

തൃശൂര്‍  Thrissur  local body election in thrissur  candidates of LDF in thrissur  ഇടതു പക്ഷ സ്ഥാനാർത്ഥികൾക
തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

By

Published : Nov 15, 2020, 6:56 PM IST

തൃശൂര്‍: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ഇടതു മുന്നണി. തൃശൂര്‍ കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തില്‍ 29 ഇടത്തുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജില്ലയിൽ എൻഡിഎയും യുഡിഎഫും ഇതുവരെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ഘടക കക്ഷികള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന നൽകി കൊണ്ടാണ് ഇടത് മുന്നണി ജില്ലയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ല പഞ്ചായത്ത്, എട്ട് നഗരസഭകള്‍, 86 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ഭരണം ലഭിച്ച കോര്‍പ്പറേഷനില്‍ 38 ഇടത്ത് നിന്നാണ് സിപിഐഎം മത്സരിക്കുന്നത്. സിപിഐഎം കഴിഞ്ഞാല്‍ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സിപിഐക്ക് എട്ടിടത്ത് സീറ്റ് ലഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്നേ മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ടിടത്തേക്കാണ് മത്സരിക്കുക. എല്‍ജെഡി മൂന്ന്, ജെഡി രണ്ട്, കോണ്‍ഗ്രസ് എസ്, എന്‍സിപി ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റ് ഘടക കക്ഷികള്‍ക്ക് സീറ്റ് ലഭിച്ചിരിക്കുന്നത്. 29 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്തിൽ സിപിഐഎമ്മിന് 16, സിപിഐക്ക് എട്ട്, എല്‍ജെഡി രണ്ട്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, എന്‍സിപി, ഐഎന്‍എല്‍ ഒന്ന് വീതം എന്നിങ്ങനെയാണ് സീറ്റ്‌ വിഭജനം.

തൃശൂര്‍ കോര്‍പ്പറേഷനിലെ 54 ഡിവിഷനുകളിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മുന്നണിയിലെ ഘടക കക്ഷിയായ ബിഡിജെഎസിന് സീറ്റ് ചര്‍ച്ചയില്‍ അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന യുഡിഎഫിലാകട്ടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങളില്‍ യുഡിഎഫും എന്‍ഡിഎയും ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുന്നതോടെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ടം കനക്കുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details