കേരളം

kerala

By

Published : Mar 18, 2023, 3:41 PM IST

Updated : Mar 18, 2023, 5:47 PM IST

ETV Bharat / state

ഗവ. ലോ കോളജ് ഉപരോധം: 60 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലോ കോളജ് അധ്യാപകരെ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ച സംഭവത്തില്‍ 60 പേര്‍ക്കെതിരെ കേസ്. അധ്യാപിക വി.കെ സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്. ആക്രമണത്തില്‍ അധ്യാപികയ്‌ക്ക് കൈയ്‌ക്കും ചുമലിനും പരിക്ക്.

Law college SFI atrocity against Teachers updates  ഗവ ലോ കോളജ് ഉപരോധം  ലോ കോളജ് ഉപരോധം  60 എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  ഗവണ്‍മെന്‍റ് ലോ കോളജ്  ഗവണ്‍മെന്‍റ് ലോ കോളജ് ഉപരോധം  keala news updates  latest news in kerala  news live
60 എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം:ഗവണ്‍മെന്‍റ് ലോ കോളജ് ഉപരോധവുമായി ബന്ധപ്പെട്ട് എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. 10 മണിക്കൂര്‍ നേരം നീണ്ട ഉപരോധത്തിനിടെ പുറത്തിറങ്ങാന്‍ ശ്രമിച്ച അധ്യാപിക വി.കെ സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്.

അന്യായമായി തടങ്കലിലാക്കല്‍, ദേഹോപദ്രവമേല്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് അധ്യാപികയായ വി.കെ സഞ്ജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത് ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

രാത്രി ഏറെ വൈകിയ ഉപരോധത്തില്‍ കോളജിന് പുറത്ത് നിന്നുള്ള എസ്‌എഫ്ഐ പ്രവര്‍ത്തകരും എത്തിയിട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്.

ലോ കോളജിലെ എസ്‌എഫ്ഐ കെഎസ്‌യു സംഘര്‍ഷം:ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കോളജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 24 എസ്‌എഫ്ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്‍റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും കെഎസ്‌യുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിന്‍സിപ്പല്‍ കൈകൊണ്ടതെന്നും ആരോപിച്ച് എസ്‌എഫ്ഐ, അധ്യാപകരെ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ തടഞ്ഞ് വയ്‌ക്കുകയായിരുന്നു.

വ്യാഴാഴ്‌ച കോളജില്‍ നടന്ന പിടിഎ യോഗത്തിന് ശേഷമാണ് എസ്‌എഫ്ഐ പ്രവര്‍ത്തകരെത്തി അധ്യാപകരെ മുറിയില്‍ അടച്ചിട്ടത്. യോഗത്തിനെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മടങ്ങിയതിന് ശേഷമായിരുന്നു ഉപരോധം. കോളജില്‍ ജോലിക്കെത്തിയ 23 അധ്യാപകരില്‍ 21 പേരെയാണ് എസ്എഫ്ഐ പ്രവർത്തകർ ബന്ദികളാക്കിയത്. ഇതില്‍ 16 പേര്‍ അധ്യാപികമാരായിരുന്നു. ഉച്ചയ്‌ക്ക് മൂന്ന് മണി മുതല്‍ രാത്രി ഒരു മണി വരെ നീണ്ട ഉപരോധത്തിൽ അസുഖ ബാധിതരായി മരുന്ന് കഴിക്കുന്ന അധ്യാപകര്‍ പ്രയാസത്തിലായി. കൂട്ടതോടെ തടഞ്ഞ് വച്ചതോടെ ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപികയെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ അധ്യാപികയ്‌ക്ക് ഇടത് കൈയ്‌ക്കും ചുമലിലും പരിക്കേറ്റു.

ഭക്ഷണവും വെള്ളവും നല്‍കിയില്ല:രാത്രി ഒരു മണിയ്‌ക്ക് ശേഷമാണ് അധ്യാപകര്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നിന്ന് പുറത്ത് കടന്നത്. മുറിയില്‍ നിന്ന് അധ്യാപകരെ തുറന്ന് വിടുന്നത് വരെ ഭക്ഷണമോ വെള്ളമോ ലഭ്യമാക്കിയിരുന്നില്ലെന്നും അധ്യാപകര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ലഘുഭക്ഷണമെത്തിക്കാന്‍ ശ്രമിച്ച പൊലീസുകാരെ പ്രവര്‍ത്തകര്‍ തടഞ്ഞു. മാര്‍ച്ച് 24നാണ് കോളജിലെ തെരഞ്ഞെടുപ്പ്. രാത്രി പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പരിക്കേറ്റ അധ്യാപിക വി.കെ സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്.

also read:തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷം: പിടിഎ യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനം

Last Updated : Mar 18, 2023, 5:47 PM IST

ABOUT THE AUTHOR

...view details