തൃശൂർ: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിൽ എത്തിയ അവസാന ട്രെയിന്‍ തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. ഗുവാഹത്തിയില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചത്. മൂന്ന് ദിവസത്തിന് മുമ്പ് യാത്ര ആരംഭിച്ച ട്രെയിൻ പുലർച്ചെ ഒന്നരയോടെയാണ് തൃശൂരിൽ എത്തിച്ചേർന്നത്. ഗുവാഹത്തിയിൽ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം റെയില്‍വേ മന്ത്രാലയം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് മുമ്പേ പുറപ്പെട്ട ട്രെയിനുകള്‍ക്ക് യാത്ര തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇന്നലെ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ ട്രെയിൻ യാത്ര അവസാനിപ്പിച്ചത്. തുടർന്ന് ട്രെയിനിലുണ്ടായ 196 യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കേരളത്തിലേക്കുള്ള അവസാന ട്രെയിന്‍ യാത്ര അവസാനിപ്പിച്ചത് തൃശൂരില്‍ - guahathi train to kerala
ഗുവാഹത്തിയില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ട ട്രെയിൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൃശൂരിൽ യാത്ര അവസാനിപ്പിച്ചു

തീവണ്ടി വരുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടല്‍ നടത്തുകയായിരുന്നു. ജില്ലാ പൊലീസ് കമ്മിഷണറും ആരോഗ്യ വകുപ്പ് അധികൃതരും ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലെത്തി. ശേഷം മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ച് മുളങ്കുന്നത്തുകാവ് കിലയില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. ചെറിയ പനിയും രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച 20 പേരെ തൃശൂർ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ മഹാരാഷ്ട്രയുള്‍പ്പെടെ നിരവധി കൊവിഡ് 19 ബാധിത മേഖലകളിലൂടെ കടന്നാണ് കേരളത്തിലെത്തിയത്. ഇത് മുന്നില്‍ കണ്ടാണ് ജില്ലാഭരണകൂടം യാത്രക്കാരെ ട്രെയിനില്‍ നിന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.