ക്യാൻവാസിൽ പക്ഷികളുടെ തൂവൽകൊണ്ട് വിസ്മയം തീർത്ത് ശ്രദ്ധേയമാകുകയാണ് തൃശൂർ സ്വദേശിയുടെ ചിത്രപ്രദർശനം. വളർത്തുപക്ഷികളുടെ തൂവൽകൊണ്ടുണ്ടാക്കിയ അറുപതിലധികം ചിത്രങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.
ക്യാൻവാസിൽ തൂവൽ വിസ്മയം തീർത്ത് തൃശൂർ സ്വദേശിനി - ചിത്രപ്രദർശനം
തൂവലുകൾ കൊണ്ട് ക്യാൻവാസിൽ ശ്രീജയൊരുക്കിയ ചിത്രപ്രദർശനം കേരള സംഗീത നാടക അക്കാദമിയുടെ ഓപ്പൺ തിയേറ്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ ഇനം പക്ഷികളായ ഗോൾഡൻ പൗട്ടർ, യെല്ലൊ പാരറ്റ്, ഓസ്‌ട്രേലിയൻ ഗോൾഡൻ പീജിയൻ തുടങ്ങിയവയുടെയും തൂവലുകൾ ചിത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
![ക്യാൻവാസിൽ തൂവൽ വിസ്മയം തീർത്ത് തൃശൂർ സ്വദേശിനി](https://etvbharatimages.akamaized.net/assets/images/breaking-news-placeholder.png)
കുട്ടിക്കാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്ന തൂവൽ ശേഖരണത്തിനെ പാഷനിൽ നിന്നും പ്രൊഫഷനാക്കിയ വ്യക്തിയാണ് തൃശൂർ സ്വദേശിയായ ശ്രീജ കളപ്പുരക്കൽ. വിവിധതരം പക്ഷികളുടെ തൂവലുകൾ കൊണ്ട് ക്യാൻവാസിൽ ശ്രീജയൊരുക്കിയ ചിത്രപ്രദർശനം കേരള സംഗീത നാടക അക്കാദമിയുടെ ഓപ്പൺ തിയേറ്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള അറുപതിലധികം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. മുൻപ് 200 ഇനം പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചുള്ള 108 ചിത്രങ്ങൾ നിർമ്മിച്ച ശ്രീജ ലിംക ബുക്കിലും ഇടം നേടിയിട്ടുണ്ട്. വളർത്തു പക്ഷികളുടെ കൊഴിഞ്ഞ തൂവലുകൾ ശേഖരിച്ചാണ് ശ്രീജ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വിദേശ ഇനം പക്ഷികളായ ഗോൾഡൻ പൗട്ടർ, യെല്ലൊ പാരറ്റ്, ഓസ്‌ട്രേലിയൻ ഗോൾഡൻ പീജിയൻ തുടങ്ങിയവയുടെയും തൂവലുകൾ ചിത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളിൽ ചിത്രകലാ അധ്യാപികയായിരുന്ന ശ്രീജ ഇപ്പോൾ തന്‍റെ മുഴുവൻ സമയവും വ്യത്യസ്തമായ വസ്തുക്കളിൽ ചിത്രകലാ പരീക്ഷണവും അവയുടെ പ്രദർശനവും ചെയ്തുവരുന്നു. മുൻപ് പാരമ്പര്യ കലാരീതിയായ കൽചിത്രപ്രദർശനവും, നാട്ടു പൂക്കളുടെ സൗരഭ്യം ക്യാൻവാസിൽ വിരിയിച്ച പൂക്കൾകൊണ്ടുള്ള ചിത്രപ്രദർശനവുമൊരുക്കി ശ്രീജ ശ്രദ്ധേയയായിരുന്നു. നിരവധി ആളുകളാണ് വ്യത്യസ്തമായ ഈ ചിത്രപ്രദർശനം കാണാൻ സംഗീത നാടക അക്കാദമിയിലേക്ക് എത്തുന്നത്.