കെ.വി.വിജയദാസ് എംഎല്‍എ അന്തരിച്ചു - കെ.വി.വിജയദാസ് എംഎല്‍എ അന്തരിച്ചു
![കെ.വി.വിജയദാസ് എംഎല്‍എ അന്തരിച്ചു K V Vijayadas passed away kv vijayadas mla passes away കെ.വി.വിജയദാസ് എംഎല്‍എ അന്തരിച്ചു കോങ്ങാട് എംഎൽഎ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10290591-thumbnail-3x2-sdg.jpg)
20:36 January 18
തലയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
തൃശൂർ: കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസ് (61 )അന്തരിച്ചു. തലയിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊവിഡ് പോസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ാണ് എം.എൽ.എയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
2011 മുതൽ കോങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.വി. വിജയദാസ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. പാലക്കാട് ജില്ല പഞ്ചായത്ത് രൂപികരിച്ചപ്പോള്‍ ആദ്യ പ്രസിഡന്‍റായിരുന്നു. ലോകത്തിന് മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്‍റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമായിരുന്നു.
കെഎസ്‌വൈഎഫിലൂടെയാണ് കെ.വി. വിജയദാസ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. ദീർഘകാലം സിപിഎം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു. 1987ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്‍റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭിച്ചിട്ടുണ്ട്. പ്രേമകുമാരിയാണ് ഭാര്യ. ജയദീപ്, സന്ദീപ് എന്നിവര്‍ മക്കളാണ്. മൃതദേഹം നാളെ രാവിലെ പാലക്കാട്ടേക്ക് കൊണ്ടുപോകും.