തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ തുരങ്കത്തിന്‍റെ ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. നാല് വർഷം മുമ്പ് ആരംഭിച്ച തുരങ്ക പദ്ധതിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. കാലവർഷ കാലത്ത് ഗതാഗതകുരുക്കിൽ നിന്നും ആശ്വാസമാകുന്നതിന് കുതിരാൻ തുരങ്കപാത സഞ്ചാര യോഗ്യമാക്കുമെന്ന് ഗവണ്‍മെന്‍റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അറിയിച്ചു.
കുതിരാൻ തുരങ്ക പാത ഉടൻ സഞ്ചാര യോഗ്യമാകും - construction work
നിലവിൽ ഇരട്ട തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കത്തിന്‍റെ 60 ശതമാനം ജോലികളും പൂർത്തിയായി. ഒന്നോ രണ്ടോ ദിവസത്തിനകം കുതിരാൻ തുരങ്ക പാത സഞ്ചാര യോഗ്യമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്
ഗവണ്‍മെന്‍റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജില്ലാ കലക്‌ടർ എസ്. ഷാനവാസ് എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. നിലവിൽ ഇരട്ട തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കത്തിന്‍റെ 60 ശതമാനം ജോലികളും പൂർത്തിയായിരിക്കുകയാണ്. ഫയർ ആൻഡ് സേഫ്റ്റിയുടെ അംഗീകാരമാണ് ഇനി ലഭിക്കാനുള്ളത്. കൂടാതെ പാതയിലേക്ക് വീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റാനും അനുമതി നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് പഴയ കുതിരാൻ ദേശീയപാതയിലൂടെ പവർഗ്രിഡ് കോർപറേഷന്‍റെ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിളിടൽ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരുന്നതായി കലക്‌ടർ അറിയിച്ചു. 1,800 കോടി രൂപ മുതൽ മുടക്കുള്ള ഈ പദ്ധതി നാല് വടക്കൻ ജില്ലകളിലെ വോൾട്ടേജ് ക്ഷാമം പൂർണമായി പരിഹരിക്കുന്നതിന് സഹായിക്കുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു. ഒന്നോ രണ്ടോ ദിവസത്തെ നിർമാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കുന്നതോടെ കുതിരാൻ തുരങ്ക പാത സഞ്ചാരയോഗ്യമാകും.