തൃശൂര്‍: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. ഓഫീസ് സെക്രട്ടറി സതീഷിയാണ് ചോദ്യം ചെയ്യുക. പണവുമായെത്തിയ ധർമരാജനും സംഘത്തിനും തൃശൂരിൽ മുറി എടുത്ത് നൽകിയത് സതീഷാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ദിവസങ്ങള്‍ക്ക് മുന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായവർ നൽകിയ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി.
also read: കൊടകര കുഴൽപ്പണക്കേസ് : ബിജെപി ജില്ല ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു
കേസുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരിൽ ചിലർക്ക് ജയിലിൽ കൊവിഡ് ബാധിച്ചതിനാൽ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബിജെപി കർണാടകയിൽനിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകൾ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിൽ പങ്കാളികളായ ഓരോരുത്തർക്കും പത്ത് ലക്ഷം മുതൽ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.