തൃശൂര്‍ :കൊടകര കുഴല്‍പ്പണക്കേസിനെ തുടര്‍ന്ന് ജില്ലയിലെ ബിജെപി നേതൃത്വത്തിനുള്ളില്‍ കലാപം. ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ഒ.ബി.സി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു ഫേയ്‌ബുക്കിലൂടെ ആരോപിച്ചു. കുഴല്‍പ്പണ കേസ് സംബന്ധിച്ച് കുറിപ്പിട്ടതിനെ തുടര്‍ന്നാണ് ഭീഷണിയെന്ന് ഋഷി പല്‍പ്പു പറഞ്ഞു. തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെആര്‍. ഹരിക്കെതിരെയാണ് ആരോപണം. സംഭവത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കേസില്‍ തൃശൂര്‍ ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീഷിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പണവുമായെത്തിയ ധർമരാജനും സംഘത്തിനും തൃശൂരിൽ മുറി എടുത്തുകൊടുത്തത് സതീഷാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അതേസമയം ഏപ്രില്‍ മൂന്നിന് കൊടകരയില്‍ നിന്നും തട്ടിയെടുത്ത മൂന്നര കോടി രൂപയില്‍ ഒരു കോടി മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി രണ്ടര കോടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Read More: കൊടകര കുഴൽപ്പണ കേസിലെ പ്രതികളുടെ വീടുകളിൽ റെയ്‌ഡ്
ഇരുപത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതില്‍ 12 പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
#SaveBjpThrissur
രണ്ടാം നരേന്ദ്രമോദി സർക്കാർ അതിന്റെ രണ്ടാം വർഷം പൂർത്തിയാക്കുന്ന വേളയിൽ ,കോവിഡ് മഹാമാരി പടരുമ്പോൾ ആഘോഷങ്ങളിൽ ഏർപ്പെടാതെ സേവനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാവഹിച്ചുകൊണ്ട് തൃശൂർ ബിജെപി പ്രവർത്തകർ മാതൃകാപരമായി ഒരു സഹപ്രവർത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവർത്തിക്ക് തൃശൂർ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവർത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴൽപണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാർട്ടിയെ നാണം കെടുത്തി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതും പോരാതെ 'സേവാ ഹി സംഘടൻ ' ആഹ്വാന ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂർ ജില്ലാ നേതൃത്വം. അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാർട്ടിയെ നെഞ്ചിലേറ്റിയ പ്രവർത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ utter waste ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതൽ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂർ ജില്ലയിലെ ഓരോ പ്രവർത്തകന്റെയും ആവശ്യം !
#sevahisaghathan