തൃശൂര്‍: പറവട്ടാനി പുളിങ്കുഴി സ്വദേശി സന്തോഷ് , മരുമകൻ രതീഷ്, ചണ്ഡിഗഡ് സ്വദേശി സുഖ്ജിത് സിങ് , പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാർ എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി നിരവധിയാളുകളിൽ നിന്നായി 10,000 മുതൽ ആറ് ലക്ഷം വരെ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതികള്‍. ഇതുമായി ബന്ധപ്പെട്ട് 30 പരാതികളാണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്നത്.
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ നാല് പേര്‍ അറസ്റ്റില്‍ - കനേഡിയൻ വിസ തട്ടിപ്പ്
കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂര്‍ പറവട്ടാനി സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പതോളം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
50 ലക്ഷത്തോളം രൂപ ഇവർ ഇത്തരത്തിൽ പലരിൽ നിന്നായി വാങ്ങിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പറവട്ടാനിയില്‍ പ്രവർത്തിക്കുന്ന മാസ്കെയർ ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. വിസയാവശ്യത്തിന് എത്തുന്നവരിൽ നിന്ന് രേഖകൾ വാങ്ങി ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് ഇതിന്‍റെ രേഖകളും എടിഎം കാർഡുൾപ്പെടെയുള്ളവയും ഇവർ വാങ്ങിവെച്ചിരുന്നു.
ഓഫീസിൽ നിന്നും അപേക്ഷിച്ച 20 പാസ്പോർട്ടുകളും പൊലീസ് പിടിച്ചെടുത്തു. വിസയാവശ്യത്തിന് എത്തുന്നവരെ കാനഡ സ്വദേശികളെന്ന് പരിചയപ്പെടുത്തിയിരുന്നത് സുഖ്ജിത് സിങ്ങും ശിവകുമാറുമാണ്. തിരുവനന്തപുരത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.