തൃശൂർ:ലോകകപ്പിനൊപ്പം ഫുട്ബോൾ ആരാധകർക്കിടയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് തൃശൂരിലെ കെട്ടുങ്ങൽ ഗ്രാമം. ഈ പ്രദേശത്തെ 90 ശതമാനം ആളുകളുടെയും ജീവിതം പടുത്തുയർത്തിയ ഖത്തറിലേക്ക് ലോകകപ്പ് എത്തിയത് ആഘോഷമാക്കുകയാണ് ഇവർ.
തൃശൂർ നഗരത്തിൽ നിന്ന് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്ന ഖത്തറിലേക്ക് ദൂരം എത്രയുണ്ടാകും? കൃത്യമായി പറഞ്ഞാൽ ആകെ 20 കിലോമീറ്ററെയുള്ളുവെന്നാണ് കെട്ടുങ്ങൽ ഗ്രാമവാസികൾ പറയുന്നത്. കാരണം കെട്ടുങ്ങൽ ഗ്രാമത്തിലേക്ക് എത്തിയാൽ വഴിയോരങ്ങളിലാകെ ഖത്തർ ദേശീയ പതാകയുടെ കാഴ്‌ചകൾ മാത്രമാണ്. റോഡിനിരുവശവുമുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലുകളിലാണ് ഖത്തറിൻ്റെ ദേശീയ പതാക സ്ഥാനം പിടിച്ചിട്ടുള്ളത്.
ഖത്തറിൽ പന്തുരുളുമ്പോൾ ആഘോഷം കെട്ടുങ്ങൽ ഗ്രാമത്തിൽ മെറൂണും വെള്ളയും അടങ്ങിയ നിറങ്ങളിൽ 7000 ചതുരശ്ര അടിയിലാണ് ഖത്തർ ദേശീയ പതാക വരച്ചിട്ടുള്ളത്. ഇതിനായി മതിലുകൾ വിട്ടു നൽകാൻ വീട്ടുടമകൾ തമ്മിൽ മത്സരം തന്നെയുണ്ട്. ഈ സാധാരണക്കാരുടെ അത്ഭുതകരമായ ആവേശത്തിന് തക്കതായ കാരണവും ഉണ്ട്. ഈ ചെറിയ ഗ്രാമത്തിലെ 350 ലേറെ ആളുകൾ ഖത്തറിലാണ് ജോലി ചെയ്യുന്നത്.
കളി കാണാനായി ഗ്രാമത്തിലുടനീളം ബിഗ് സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. ഒപ്പം ലോകകപ്പ് കിരീടം പ്രതീക്ഷിക്കുന്ന മുൻനിര ടീമുകളുടെ ജഴ്‌സിക്കൊപ്പം ഖത്തർ ടീമിൻ്റെ ജഴ്‌സിയും ഇവിടുത്തെ ഷോപ്പുകളിൽ സുലഭമാണ്. മന്ത്രിമാരെ ഉൾപ്പടെ തങ്ങളുടെ ആഘോഷങ്ങളിലേക്ക് അതിഥികളായി ക്ഷണിക്കാനും ഇവർ മറന്നിട്ടില്ല.