തൃശൂർ:കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ലുലു സിഎഫ്എല്‍ടിസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത് കൊവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി നമ്മൾ സ്വീകരിച്ചു വരുന്ന ഐക്യം നിലനിർത്തണമെന്ന് ഓൺലൈൻ വഴിയുള്ള ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 1400 രോഗികൾക്ക് ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ സിഎഫ്എൽടിസിയാണ് നാട്ടികയിൽ പ്രവർത്തനാമാരംഭിച്ചത്. 60 ഡോക്‌ടർമാരുടെയും 100 നഴ്സ്മാരുടേയും സേവനം ഇവിടെ ലഭ്യമാകും. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽട്ടർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിങ് മെഷീൻസ്, ബാത്ത്- ടോയ്‌ലറ്റ്സ്, മാലിന്യ- സംസ്‌കരണ സംവിധാനം, ടിവി, വൈഫൈ എന്നിവയും വിനോദത്തിനായി റിക്രിയേഷൻ ക്ലബ്, കാരംസ്, ആമ്പൽക്കുളം, ഉദ്യാനം എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഗവ. എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച ഈ- ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുക. പരിശീലനം ലഭിച്ച 200 വാളന്‍റിയർമാരും സേവനത്തിനുണ്ടാകും. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ സേവനവും ഇവിടെ ലഭ്യമാകും.
തൃശൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ - kk shailaja
1400 രോഗികൾക്ക് ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററാണ് നാട്ടികയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
ലോകത്തിന് മാതൃകയായ കൊവിഡ് പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും അമേരിക്ക പോലും കൊവിഡിന് മുന്നിൽ പകച്ചുപോയ സാഹചര്യത്തിൽ കേരളം മികച്ച പ്രതിരോധ പ്രവർത്തനം നടത്തുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് സിഎംഡി ഡോ.എം.എ യൂസഫലി പറഞ്ഞു. യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. നാട്ടിക ലുലു സിഎഫ്എൽടിസിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, ടി.എൻ പ്രതാപൻ എംപി, എംഎൽഎമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.