തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം തുടങ്ങിയ ഘട്ടങ്ങള്‍ മുതല്‍ കോൺഗ്രസ് ഘടക കക്ഷികളോട് നീതി പുലർത്തിയില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്‍റ് സിവി കുരിയാക്കോസ് ആരോപിച്ചു. സ്റ്റാറ്റസ്കോ നടപ്പിലാക്കുവാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതിനുശേഷം നടന്ന ഉഭയകക്ഷി ചർച്ചകൾ പോലും പൂർത്തീകരിക്കുവാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിയോജകമണ്ഡലങ്ങളിലെ ചർച്ചകൾക്ക് കെപിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്ക് ചുമതല നൽകിയിട്ടുണ്ടെന്ന് ഡിസിസി നേതൃത്വം പറഞ്ഞുവെങ്കിലും നിലവിൽ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളെ സംബന്ധിച്ച് തീരുമാനമെടുക്കുവാൻ സാധിച്ചില്ല എന്നുള്ളത് തീർത്തും നിർഭാഗ്യകരമാണ്.
കോൺഗ്രസ് ഘടക കക്ഷികളോട് നീതി പുലർത്തിയില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം - തൃശൂർ യുഡിഎഫ്
സ്റ്റാറ്റസ്കോ നടപ്പിലാക്കുവാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതിനുശേഷം നടന്ന ഉഭയകക്ഷി ചർച്ചകൾ പോലും പൂർത്തീകരിക്കുവാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്‍റ് സിവി കുരിയാക്കോസ് പറഞ്ഞു
പരസ്‌പര ധാരണയായ സീറ്റുകളിൽ വിമതരെ ഇറക്കി പരാജയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് പിന്നീട് കാണാൻ കഴിഞ്ഞത്. കോൺഗ്രസിന്‍റെ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലാണ് കോർപ്പറേഷൻ സീറ്റുകളിൽ വിമതർക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ളത്. കോർപ്പറേഷനിൽ അനുവദിച്ച ഡിവിഷനുകളായ പറവട്ടാനിയിലും എൽത്തുരുത്തിലും വിമത പ്രവർത്തനം നടത്തുന്നവരെ സംബന്ധിച്ച് കത്ത് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല വിമതപ്രവർത്തനം നടത്തുന്നവർക്കെതിരെ അച്ചടക്കനടപടിയുണ്ടാവില്ലെന്ന സന്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയത് ഡിസിസി ഭാരവാഹികളാണെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. ഗുരുവായൂർ നഗരസഭയിൽ ചർച്ചകൾക്ക് നേതൃത്വം നൽകിയ, കെപിസിസി ജനറൽ സെക്രട്ടറി തീരുമാനമെടുത്ത് അനുവദിച്ച, സി.പി.എം. പാർട്ടി ഗ്രാമമായ ഡിവിഷനിൽ പോലും കോൺഗ്രസ് വിമതനായ വ്യക്തിക്ക് “കൈ” അടയാളം അനുവദിച്ച് വഞ്ചനാത്മകവും അപമാനകരവുമായ നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തിൽ ധാരണയായ അവണൂർ ഡിവിഷനിൽ വിവിധ വാർഡുകളിൽ സ്ഥാനാർഥിയേയും ചിഹ്നത്തേയും പരിചയപ്പെടുത്തരുതെന്ന ആസൂത്രിതമായ നീക്കം കോൺഗ്രസ് നടത്തി.
കേരള കോൺഗ്രസ് പാർട്ടി സ്ഥിരമായി മത്സരിക്കുന്ന അഴീക്കോട്, വെങ്കിടങ്ങ്, നാട്ടിക, തിരുവില്വാമല, തൃക്കൂർ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ സീറ്റുകളെ സംബന്ധിച്ച ധാരണയായില്ല. യു.ഡി.എഫിൽ ശക്തമായി നിലനിൽക്കുന്ന പ്രവർത്തകരെ ചവിട്ടി പുറത്താക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെടുകയോ ആവശ്യമായ നിർദ്ദേശം നൽകുകയോ ചെയ്തില്ലെന്ന നിർഭാഗ്യകരമായ അവസ്ഥയാണ് പരിതാപകരമായി പരാജയപ്പെടുവാൻ ഇടയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.