തൃശൂർ: ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ചാലക്കുടി നിയമസഭാമണ്ഡലം.
ആകെ 184589 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 94924 സ്ത്രീ വോട്ടർമാരും 89664 പുരുഷ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും.
മണ്ഡല ചരിത്രം
പൊതുവെ യുഡിഎഫ് മണ്ഡലമായിരുന്ന ചാലക്കുടി, 2006 ലെ തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മിന് അനുകൂലമായത്. 1957ലെ തെരഞ്ഞെടുപ്പിൽ പട്ടിക ജാതി സംവരണത്തിൽ സിപിഐയിലെ പികെ ചാത്തൻ മാസ്റ്ററും പിഎസ്പിയിലെ സിജി ജനാർദനനും വിജയിച്ചു.
1960 മുതൽ 1965വരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച കെകെ ബാലകൃഷ്ണനും പിഎസ്‌പി സ്ഥാനാർഥിയായ സിജി ജനാർദ്ദനനും സംവരണ മണ്ഡലത്തില്‍ വിജയിച്ചു. 1967 മുതൽ 1970 വരെ കോൺഗ്രസിന്‍റെ പിപി ജോർജും 1977, 1980 വർഷങ്ങളില്‍ കേരള കോൺഗ്രസിന്‍റെ പിെക ഇട്ടൂപ്പും ജയിച്ചു. 1977-80 തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും നേർക്കു നേർ മത്സരിച്ച മണ്ഡലം കൂടിയാണ് ചാലക്കുടി. 1982, 1987 വർഷങ്ങളിൽ ജനതാ പാർട്ടി (ജെഎൻപി)യുടെ കെജെ ജോർജായിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1991ൽ കോൺഗ്രസിന്‍റെ റോസമ്മ ചാക്കോയും 1996, 2001 വർഷങ്ങളിൽ കേരള കോൺഗ്രസിന്‍റെ സാവിത്രി ലക്ഷ്മണനും മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2006 മുതല്‍ പിന്നീടങ്ങോട്ട് ബിഡി ദേവസി മണ്ഡലത്തെ സിപിഎമ്മിന് അനുകൂലമാക്കി.