തൃശൂര്‍ : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്‌ടപ്പെട്ട പണം മടക്കി നൽകാൻ ഇടപെടല്‍ നടത്താന്‍ സിപിഎം (Karuvannur Bank Scam). നഷ്‌ടപ്പെട്ട പണം എത്രയും പെട്ടെന്ന് മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെടും. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനും ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.
സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്‌ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടുത്തണമെന്നാണ് സിപിഎം ജില്ല കമ്മിറ്റി യോഗത്തിൽ (CPM Thrissur District Committee) പൊതുവായി ഉയർന്ന ആവശ്യം. സർക്കാർ ഇടപെട്ട് പദ്ധതി തയ്യാറാക്കി കരുവന്നൂരിൽ നഷ്‌ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകർക്ക് മടക്കി നൽകണം. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് പണം മടക്കി നൽകി മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം. കരുവന്നൂരിൽ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ല കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു.
കരുവന്നൂരിൽ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമർശനമാണ് ചില നേതാക്കൾ ഉയർത്തിയത്. തെറ്റ് ചെയ്‌തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു. എന്നാൽ കരുവന്നൂർ ബാങ്കിന്‍റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്‌പ തട്ടിപ്പാരോപണവും, കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണത്തട്ടിപ്പ് ആരോപണവും അനാവശ്യമാണെന്നും കമ്മിറ്റിയിൽ വാദങ്ങള്‍ ഉയര്‍ന്നു. ഇരുസംഭവങ്ങളിലും ബാങ്കിന് പങ്കില്ല. പ്രസ്‌തുത പ്രശ്‌നങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാനുമാണ് യോഗത്തിന്‍റെ നിർദേശം.