തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ മുൻ അക്കൗണ്ടന്‍റ് ജിൻസനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ മുതൽ കൊച്ചിയിലെ ഇഡി ഓഫിസിൽ (Kochi ED Office) ചോദ്യം ചെയ്‌തതിന് ശേഷമാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരേ ദിവസം നടക്കുന്ന രണ്ടാമത്തെ അറസ്‌റ്റാണിത് (Karuvannur Bank Scam Accountant Arrested).
ഒന്നാം പ്രതി സതീഷ് കുമാർ ഉൾപ്പടെയുള്ളവർക്ക് ആവശ്യമായ സഹായം നൽകിയെന്നതാണ് ജിൻസനെതിരായ ആരോപണം. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്‌റ്റിന് (PR Aranvindakshan's Arrest) മണിക്കൂറുകള്‍ക്കിപ്പുറമാണ് ജിൻസനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കരുവന്നൂർ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം നാലായി.
അരവിന്ദാക്ഷന്‍റെ അറസ്‌റ്റ് :കേസിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ പി ആർ അരവിന്ദാക്ഷനെ ചൊവ്വാഴ്‌ച പകലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. തൃശൂരിൽ നിന്നും കസ്‌റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫിസിലും ഇതിനുശേഷം കോടതിയിലും ഹാജരാക്കിയിരുന്നു. മുമ്പ് പലതവണ പി ആർ അരവിന്ദാക്ഷനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. എന്നാല്‍ അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കസ്‌റ്റഡിയിലെടുത്തതെന്നും അറസ്‌റ്റ് ചെയ്‌തതെന്നുമാണ് ഇഡിയുടെ വിശദീകരണം.
മാത്രമല്ല കേസില്‍ പ്രധാന പ്രതിയും നേരത്തെ അറസ്‌റ്റിലായ സതീഷ് കുമാറിന്‍റെ ഇടനിലക്കാരനുമാണ് പി ആർ അരവിന്ദാക്ഷനെന്നും ഇഡി ആരോപണമുന്നയിച്ചിരുന്നു. കൂടാതെ എം കെ കണ്ണൻ, എ സി മൊയ്‌തീൻ എന്നിവരുടെയും ഇടനിലക്കാരനാണ് പി ആർ അരവിന്ദാക്ഷനെന്നും ഇഡി സംശയിക്കുന്നുണ്ട്.
ഇഡിക്കെതിരെ അരവിന്ദാക്ഷന്‍റെ പരാതി :ഇതിനിടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്ന് പി ആർ അരവിന്ദാക്ഷന്‍ പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിച്ച തന്നെ അവർ പറയുന്നതിന് അനുസരിച്ച് മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നുവെന്നും ഇതേ തുടർന്ന് ചികിത്സ തേടിയതായും തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മർദിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഇദ്ദേഹം പരാതിയിൽ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.
അതേസമയം പി ആർ അവിന്ദാക്ഷന്‍റെ ഈ പരാതി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് തള്ളിയിരുന്നു. ചോദ്യം ചെയ്യൽ നടത്തിയത് ക്യാമറയ്ക്ക് മുന്നിലാണെന്നും പൂർണമായും സിസിടിവി നിരീക്ഷണമുള്ള ഓഫിസിൽ വച്ച് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നുമായിരുന്നു ഇഡിയുടെ നിലപാട്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇഡി ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസ് തുടർ നടപടികളിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ കരുവന്നൂർ കേസിൽ അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് നടപടികളെ നിയമപരമായി നേരിടാനുമാണ് ഇഡിക്ക് നിർദേശം ലഭിച്ചത്. മാത്രമല്ല ഇഡിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസും നിയമോപദേശം തേടിയിരുന്നു.