തൃശൂർ: തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിലെ പ്രധാന പാലമായ കാഞ്ഞാണി-പെരുമ്പുഴ പാലം ബലപ്പെടുത്തല്‍ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മണലൂര്‍ എംഎല്‍.എ മുരളി പെരുനെല്ലി. കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാലത്തില്‍ വിള്ളലും ചെരിവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പാലം ഏറെ നാളായി ജീർണ്ണാവസ്ഥയിലായിരുന്നു. 71 വര്‍ഷം മുന്‍പ് നിർമ്മിച്ച പാലത്തിന് 44.40 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണുള്ളത്. കാലപ്പഴക്കം കൊണ്ട് പാലത്തിന്‍റെ സ്റ്റീൽ ഗർഡറുകൾ താങ്ങി നിർത്തുന്ന ഭാഗത്തെ ഇരുമ്പു കമ്പികൾ ദ്രവിക്കുകയും മുകൾ ഭാഗത്ത് വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പാലത്തിന്‍റെ സ്റ്റീൽ ഗർഡർ ഇടതുവശത്തേക്ക് ചരിയുകയായിരുന്നു.
കാഞ്ഞാണി-പെരുമ്പുഴ പാലം ബലപ്പെടുത്തല്‍ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും: മുരളി പെരുനെല്ലി എംഎല്‍എ
കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാലത്തില്‍ വിള്ളലും ചെരിവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്
നാട്ടിക കൊവിഡ് ഫസ്റ്റ് ലൈൻ സെന്‍ററിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളും മറ്റു അവശ്യ സർവീസുകളും കടന്നുപോകുന്ന പാതയിൽ ഗതാഗത നിയന്ത്രണം വന്നതോടെ പൊതു ഗതാഗതം ദുഷ്‌കരമായി. തൃശൂർ, വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ പെരുമ്പുഴ പാലത്തിന്‍റെ ഇരുഭാഗങ്ങളിലും സർവീസ് അവസാനിപ്പിക്കുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടായി. തുടർന്നാണ് സർക്കാർ പാലം നവീകരണത്തിനായി അറുപത് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചത്. ദ്രവിച്ച ഗർഡറുകൾ മാറ്റി പാലം ബലപ്പെടുത്തുന്ന പദ്ധതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 16 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. തകർന്ന ഫൗണ്ടേഷനും മാറ്റി സ്ഥാപിക്കും. പാലത്തിനിടയിലേയ്ക്ക് വെള്ളം ഇറങ്ങാതിരിക്കാന്‍ ഉപരിതലം ടാറിങ് മാറ്റി കോൺക്രീറ്റിങ് നടത്തും. ഓർഡർ ചെയ്‌ത ഗർഡറുകൾ എത്തുന്നതോടെ പാലം പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു.