തൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടരുത് എന്ന് കരുതി കേന്ദ്ര സർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ.
ഓട്ടോ - ബസ് തൊഴിലാളികളെല്ലാം സമരത്തിനിറങ്ങുമെന്നു പറഞ്ഞിട്ടും തൊഴിലാളി വർഗ പാർട്ടിയെന്നു പറയുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ ഒരു നയാ പൈസ പോലും നികുതി കുറയ്ക്കാൻ തയ്യാറല്ലെന്ന പിണറായി സർക്കാറിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോൾ നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.