തൃശൂർ: മുൻ ഡി ജി പി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സീറ്റിലായിരിക്കും മത്സരിക്കുകയെന്നത് പാർട്ടി തീരുമാനിക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും അഴിമതിക്കെതിരെ പോരാടുന്നതുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായ വരുന്ന തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
സര്‍വ്വീസ് കാലാവധി മുഴുവൻ വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന ആളാണ് ജേക്കബ് തോമസ്. 1985 ബാച്ചിലുള്ള ജേക്കബ് തോമസിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ താക്കോല്‍ സ്ഥാനമായ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ചുവപ്പ് കാര്‍ഡ് ഉയര്‍ത്തികാട്ടി നാടകീയമായി തുടങ്ങിയ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം അത്ര രസത്തിലല്ല അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായ തെറ്റി പിരിഞ്ഞതോടെ രണ്ട് വര്‍ഷമാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലിരുന്നത്. ഓഖി ദുരന്ത സമയത്ത് സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പിന്നീട് പലവട്ടം സസ്‌പെന്‍ഷൻ നീട്ടി. അനുമതിയില്ലാതെ പുസ്‌തകമെഴുതിയതിനായിരുന്നു അടുത്ത സസ്‌പെൻഷൻ. ഡ്രഡ്ജര്‍ അഴിമതിയിൽ സസ്പെന്‍ഷന്‍ നീട്ടി. ഇതോടൊപ്പം തമിഴ്‌നാട്ടില്‍ അനധികൃതമായി ഭൂമി സമ്പാദിച്ചു എന്ന വിവാദവും ജേക്കബ് തോമസിനെതിരെ ഉയർന്നു.