തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും. ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസി(58)നെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് - irinjalakuda murder investigation
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസിനെ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ ആലീസിന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ്, ഇരിങ്ങാലക്കുട ഡോഗ്‌സ് സ്‌ക്വാഡിലെ നായ ഹണിയെ സംഭവസ്ഥലത്തെത്തിച്ച് പരിശോധന നടത്തി. ആദ്യം ഊരകം ഭാഗത്തേക്ക് 200 മീറ്ററോളം ഓടിയ നായ പിന്നീട് തിരിഞ്ഞ് അറവുശാല ഭാഗത്തെത്തി നില്‍ക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ആലീസിന്‍റെ ഭര്‍ത്താവ് പോൾസന്‍റെ മാംസവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്‌തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
നാല് മക്കളുള്ള ആലീസിന്‍റെ മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. മകന്‍ യുകെയിലാണ്. ആലീസ് തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. കൂട്ട് കിടക്കാന്‍ വരാറുള്ള അയല്‍വാസിയായ സ്‌ത്രീയാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ആലീസിനെ കണ്ടത്.