തൃശൂർ: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ നിന്നും മറ്റൊരു ദീര്‍ഘദൂര സർവീസ് കൂടി ഇല്ലാതാകുന്നു. ഇരിങ്ങാലക്കുട-കോട്ടയം ഫാസ്റ്റ് പാസഞ്ചറാണ് അവനസാനമായി നിര്‍ത്തലാക്കിയത്. രാവിലെ 6.20ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെട്ട് 9.50 ന് കോട്ടയത്തെത്തിയ ശേഷം തിരിച്ച് തൃശൂര്‍ക്ക് എത്തിയിരുന്ന ഇരിങ്ങാലക്കുട കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ ആഗസ്റ്റ് നാല് മുതല്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെടില്ല. പകരം തൃശൂരില്‍ നിന്നാകും ഈ ബസ് കോട്ടയത്തേക്ക് പോവുക. തൃശൂര്‍-എറണാകുളം റൂട്ടില്‍ ഒരു ട്രിപ്പ് കൂടി ഓടിയ ശേഷമാണ് ഈ ബസ് ഇരിങ്ങാലക്കുടയില്‍ മടങ്ങിയെത്തിരുന്നത്.
ഇരിങ്ങാലക്കുടയില്‍ നിന്ന് കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ സർവീസ് അവസാനിപ്പിച്ചു - kotayam irinjalakuda_ service
നടപടി എംഡിയുടെ നിർദേശത്തിൽ
1987ല്‍ കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിങ് സെന്‍റര്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചപ്പോള്‍ അനുവദിച്ച മൂന്ന് ദീര്‍ഘദൂര സര്‍വീസുകളിലൊന്നാണിത്. ഈ വര്‍ഷം ഇല്ലാതാകുന്ന മൂന്നാമത്തെ സര്‍വീസുമാണിത്. ഇരിങ്ങാലക്കുട- പാലക്കാടും തിരുവനന്തപുരവും സൂപ്പര്‍ഫാസ്റ്റുകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. 14000 രൂപ വരെ കളക്ഷനുള്ള കോട്ടയം സർവീസാണ് ഇവിടെ നിന്നും മാറ്റുന്നത്. ഇരിങ്ങാലക്കുട ഓപറേറ്റീവ് സെന്‍റര്‍ പടിപടിയായി നിര്‍ത്തലാക്കുന്നതിന് വേണ്ടിയാണിതെന്ന അഭ്യൂഹം ശക്തമാണ്. കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലാഭകരമല്ലാത്ത സെന്‍ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചതിന്‍റെ ഭാഗമായി രണ്ട് ഷെഡ്യൂളുകളിലായി 13 മണിക്കൂറിലധികം വേണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 11 മണിക്കൂര്‍ മാത്രം ഉണ്ടായിരുന്ന കോട്ടയം ബസ് രാവിലെ തൃശൂരിലേക്ക് പോയതിന് ശേഷം കോട്ടയത്തേക്ക് ആക്കുന്നത്. രാവിലെ ഏറെ യാത്രക്കാരുള്ള ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ സര്‍വ്വീസ് ആരംഭിക്കുന്നതിനും വൈകിട്ട് എറണാകുളത്ത് നിന്ന് നേരിട്ട് ഇരിങ്ങാലക്കുടയിലേക്ക് വരുന്നതിന് പകരം തൃശൂരിലേക്ക് പോയതിന് ശേഷം വരുന്ന രീതിയില്‍ റൂട്ട് മാറ്റുന്നതിനാണ് നിവേദനം നല്‍കിയിട്ടുള്ളത്.