തൃശൂര്‍: തലോർ തലവണിക്കരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. തലവണിക്കര കോളേങ്ങാടൻ ഓമനയുടെ വീടാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കളയോട് ചേർന്നുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. തൊട്ടടുത്തിരുന്ന സിലിണ്ടറിൽ നിന്ന് ഗ്യാസ് പുറത്തുവന്നെങ്കിലും അപകടമുണ്ടായില്ല. ഏത് നിമിഷവും പൊട്ടിത്തെറിക്കാറായ സിലിണ്ടർ പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി. എന്നാൽ ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടറിന് യാതൊരു തകരാറും സംഭവിച്ചില്ല.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
ഗ്യാസ് സിലിണ്ടറിന്‍റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്
സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് വലിയ തോതിലുള്ള നാശനഷ്‌ടമുണ്ടായി. അടുക്കളയോട് ചേർന്നുള്ള മുറിയുടെ ചുമരുകളും വാതിലും ജനലുകളും തകർന്നു. ശുചിമുറിയുടെ ചുമരും വാതിലും തെറിച്ചുപോയി. വീടിനോട് ചേർന്നുള്ള മതിലും തകർന്നു. ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളും നശിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടറിന്‍റെ ഭാഗങ്ങൾ സമീപത്തെ പറമ്പുകളിലാണ് കിടന്നിരുന്നത്.
അപകടത്തിന് പതിനഞ്ച് മിനിറ്റ് മുമ്പാണ് ഓമന സമീപത്തുള്ള കോൺവെന്‍റിൽ പ്രാർഥനക്കായി പോയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. സിലിണ്ടറിന്‍റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പുതുക്കാട് ഫയർഫോഴ്‌സ് സ്റ്റേഷൻ മാസ്റ്റർ ഇ.ഐ.ഷംസുദീന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.