തൃശൂര്‍: ഹോം നഴ്‌സ് ചമഞ്ഞ് വീടുകളിൽ നിന്നും സ്വർണവും സ്‌കൂട്ടറും മോഷ്‌ടിച്ച യുവതി അറസ്റ്റില്‍. പാലക്കാട് കൊടുമ്പ് സ്വദേശിനി പടിഞ്ഞാറെ പാവെട്ടി വീട്ടിൽ മഹേശ്വരിയെയാണ് (41) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. മല്ലിക, സുമതി, സിന്ധു തുടങ്ങി പല പേരുകളിലാണ് ഇവര്‍ ജോലിക്ക് നിന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹോം നഴ്‌സ് ചമഞ്ഞ് മോഷണം; യുവതി അറസ്റ്റില്‍ - home nurse
സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ്
കഴിഞ്ഞ മാസം കനറാ ബാങ്കിലെ റിട്ട. സീനിയർ മാനേജരായ പഴുവിൽ വെസ്റ്റ് മൂത്തേരി രാജീവിന്‍റെ വീട്ടിൽ നിന്നുമാണ് ഇവര്‍ അവസാനമായി മോഷണം നടത്തിയത്. തൃശൂരിലെ ഹോം നഴ്‌സിംഗ് സ്ഥാപനം വഴിയാണ് ഇവർ ജോലിക്കെത്തിയതെന്ന് രാജീവ് പറഞ്ഞു. മൂന്നു മാസത്തോളം രാജീവിന്‍റെ മാതാപിതാക്കളെ പരിചരിക്കുകയും പിന്നീട് മൂന്നരപ്പവൻ മാലയും കമ്മലും വീട്ടിലെ സ്‌കൂട്ടറുമായി കടന്നു കളയുകയുമായിരുന്നു. രാജീവ് അന്തിക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതിയാണെന്ന് അന്തിക്കാട് എസ്‌ഐ കെ ജെ ജിനേഷ് പറഞ്ഞു. എഎസ്‌ഐ ഷാജു, അനൂപ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിൽജ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.