കേരളം

kerala

By

Published : Apr 20, 2021, 7:47 PM IST

Updated : Apr 22, 2021, 5:47 PM IST

ETV Bharat / state

കൊട്ടിക്കയറാതെ പൂരങ്ങളുടെ പൂരം, ഇത്തവണയും എല്ലാം ചടങ്ങു മാത്രം

200 വർഷത്തിലേറെ പഴക്കമുണ്ട് പൂരങ്ങളുടെ പൂരത്തിന്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തൃശൂർ പൂരം ആരംഭിച്ചതെന്നാണ് ഐതിഹ്യം.

History of Thrissur pooram  തൃശ്ശൂർ പൂരം  തൃശ്ശൂർ പൂരം എല്ലാം ചടങ്ങു മാത്രം  തൃശ്ശൂർ പൂരം വാർത്തകൾ  തേക്കിൻകാട്  പൂരങ്ങളുടെ പൂരം  Thrissur pooram news  ശക്തൻ തമ്പുരാൻ
കൊട്ടിക്കയറാതെ പൂരങ്ങളുടെ പൂരം, ഇത്തവണയും എല്ലാം ചടങ്ങു മാത്രം

തൃശ്ശൂർ: ലോകത്തിന് കേരളം സമ്മാനിച്ച ഏറ്റവും വലിയ ദൃശ്യവിസ്മയം. പൂരങ്ങളുടെ പൂരം, അതാണ് തൃശൂർ പൂരം. ചെറുപൂരങ്ങളുടെ വരവും മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും രാത്രി വെടിക്കെട്ടും കഴിയുമ്പോൾ ഏതൊരു പൂര പ്രേമിയുടേയും മനസ് നിറയും. ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വടക്കുന്നാഥന്‍റെ മുന്നില്‍ തൃശൂർ പൂരം കൊട്ടിയിറങ്ങുമ്പോൾ അടുത്ത പൂരക്കാലത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ആനച്ചമയവും പൂരപ്രദർശനവും കുടമാറ്റവും ഇലഞ്ഞിത്തറ മേളവും ചേർന്ന് സമ്മാനിക്കുന്നത് ലോകത്തെ ഏറ്റവും മനോഹര ദൃശ്യശ്രാവ്യ വിസ്മയം. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളാണ് ഓരോ പൂരത്തിനും സാക്ഷിയായി മടങ്ങുന്നത്, വീണ്ടും അടുത്ത വർഷം തേക്കിൻകാട് മൈതാനത്ത് കാണാമെന്ന ഉറപ്പോടെ.

200 വർഷത്തിലേറെ പഴക്കമുണ്ട് പൂരങ്ങളുടെ പൂരത്തിന്. ചരിത്രവും ഐതിഹ്യവും കൂടിക്കുഴയുമ്പോൾ പൂരത്തിന്‍റെ ആരംഭ കഥ ആറാട്ടുപുഴയിലെ ഉത്സവത്തിൽ നിന്ന് തുടങ്ങാം. ആറാട്ടുപുഴ ദേവമേളയ്ക്ക് പങ്കെടുക്കുന്നതിനായി തൃശൂരിൽ നിന്ന് പുറപ്പെട്ട സംഘങ്ങൾക്ക് മഴ മൂലം കൃത്യസമയത്ത് ഉത്സവത്തിന് എത്താൻ കഴിയാതെ വരികയും ഉത്സവത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഈ അവഗണനക്ക് പകരമായാണ് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തൃശൂർ പൂരം ആരംഭിച്ചതെന്നാണ് ഐതിഹ്യം.

വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 10 ക്ഷേത്രങ്ങളാണ് തൃശൂർ പൂരത്തിന് പങ്കാളികൾ. തിരുവമ്പാടിയും പാറമേക്കാവുമാണ് പ്രധാനികൾ. കണിമംഗലം ശാസ്‌താവ് ഒഴികെ ബാക്കി ഒമ്പത് ക്ഷേത്രങ്ങളിലും ഭഗവതിമാരാണ് പ്രതിഷ്ഠ. നെയ്തലക്കാവ് ഭഗവതിയാണ് വടക്കു നാഥന്റെ തെക്കെ ഗോപുര നട തള്ളി തുറന്ന് പൂരവിളംബരം നടത്തുന്നത്. പൂര ദിനത്തിൽ വടക്കുംനാഥന്‍റെ മുന്നിൽ എത്തുന്ന ആദ്യ പൂരം കണിമംഗലം ശാസ്‌താവിന്‍റേതാണ്. പുലർച്ചെ മഴയും വെയിലും ഏൽക്കാതെ വടക്കുംനാഥന്റെ തെക്കേ ഗോപുരനടയിലൂടെ പ്രവേശിക്കുന്ന ഏക പൂരവും ഇതാണ്.

ഒപ്പം ലാലൂർ ഭഗവതി, അയ്യന്തോൾ കാർത്യായനി, ചെമ്പൂക്കാവ് ഭഗവതി, പനമുക്കംപ്പിള്ളി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, പൂക്കാട്ടിരി കാരമുക്ക് ഭഗവതി എന്നിവർ കൂടി എത്തുന്നതോടെ പൂരത്തിന് തുടക്കമാകും. വടക്കുന്നാഥനു മുന്നിലെ ഇലഞ്ഞിമര ചോട്ടിലെ മേളം ലോകത്തെ ഏറ്റവും മഹത്തായ സിംഫണിയെന്നാണ് മേള ആസ്വാദകർ വിശേഷിപ്പിക്കാറുള്ളത്. മുന്നൂറിലേറെ വാദ്യ കലാകാരന്മാരാണ് ഇതില്‍ അണിനിരക്കുന്നത്. ഇരുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന വലിയ പഞ്ചവാദ്യ വിസ്മയമായ തിരുവമ്പാടിയുടെ മഠത്തിൽ വരവ് കൂടി ചേരുമ്പോൾ പൂരം ആവേശത്തിന്‍റെ ഉച്ചസ്ഥായിയിലെത്തും. ലോകത്തെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളില്‍ ഒന്നാണ് പൂര ദിവസം നടക്കുന്ന കുടമാറ്റം. തെക്കോട്ടിറക്കമെന്നും ഇത് അറിയപ്പെടുന്നു. പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങളുടെ 15 ആനകൾ മുഖാമുഖം നിന്ന് വൈവിധ്യമേറിയ വർണക്കുടകൾ ഉയർത്തുന്നതാണ് കുടമാറ്റം. 36 മണിക്കൂറുകളോളം നീളുന്ന പൂരാഘോഷം അതിന്‍റെ പൂർണതയിലേക്ക് വഴിമാറുന്നത് രാത്രിയില്‍ തൃശൂർ നഗരാകാശത്ത് നിറയുന്ന വെടിക്കെട്ടോടെയാണ്. ശബ്‌ദ, വർണ, ദൃശ്യ ഭംഗിയില്‍ വെടിക്കെട്ട് അവസാനിക്കുന്നതോടെ നാടിന്‍റെ നാനാഭാഗത്ത് നിന്നെത്തിയ പൂരാസ്വാദകർക്ക് മടങ്ങാം.

കൊട്ടിക്കയറാതെ പൂരങ്ങളുടെ പൂരം, ഇത്തവണയും എല്ലാം ചടങ്ങു മാത്രം

അതിനു ശേഷമാണ് ദേശക്കാരുടെ പൂരം. പിറ്റേന്ന് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഒരാണ്ടിലെ പൂരം സമാപിക്കുന്നു. നഗരഹൃദയത്തില്‍ നായ്ക്കനാലിൽ തിരുവമ്പാടി വിഭാഗത്തിന്റെയും നടുവിലാലിലും മണികണ്ഠൻ ആലിലും പാറമേക്കാവ് വിഭാഗവും പന്തൽ ഉയർത്തി പൂര ആഘോഷങ്ങൾക്ക് തുടക്കമിടും.

ഇത്തവണ ചമയ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. പൂരം എക്സിബിഷൻ ആണ് മറ്റൊരു വലിയ സവിശേഷത. ഇത്തവണ പാതി സ്റ്റാളുകൾ മാത്രമെയുള്ളൂ.

കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ കഴിഞ്ഞ വർഷം പൂരം ചടങ്ങ് മാത്രമായി നടത്തേണ്ടിവന്നു. ഇത്തവണ ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും വീണ്ടും കൊവിഡ് ഭീകരരൂപം പ്രാപിച്ചു. ഇത്തവണ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണ്. അതിനാല്‍ പൂരം ചടങ്ങുകളില്‍ മാത്രമൊതുങ്ങും. ഓരോ ആസ്വാദകന്‍റെയും മനസിലാണ് ഇത്തവണ പൂരം നിറയുന്നത്. അടുത്ത വർഷം കൊട്ടിക്കയറമാമെന്ന പ്രതീക്ഷയോടെ...

Last Updated : Apr 22, 2021, 5:47 PM IST

ABOUT THE AUTHOR

...view details