തൃശൂർ: അതിരപ്പിള്ളി വനമേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിൽ. ശനിയാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചത്. അതിരപ്പിള്ളി വനമേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നതെന്നാണ് കരുതപ്പെടുന്നത്. വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോയി. ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപ്പൊട്ടൽ; കനത്ത മലവെള്ളപ്പാച്ചിൽ - thrissur latest news
വെള്ളം ഒഴുകിയെത്തുന്നത് ചാലക്കുടിപ്പുഴയിലേക്കായതിനാൽ ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു
കണ്ണംകുഴിപ്പാലത്തിന് അടിയിലൂടെ അനിയന്ത്രിതമായ ജലപ്രവാഹം പുറപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ അതിരപ്പിള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വനപാലകരുമായി ബന്ധപ്പെട്ടപോഴാണ് ഉരുൾപ്പൊട്ടലിന്‍റെ വിവരം അറിഞ്ഞത്. ശനിയാഴ്‌ച ഈ മേഖലയിൽ കനത്ത മഴ പെയ്‌തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്. വെള്ളം ഒഴുകിയെത്തുന്നത് ചാലക്കുടിപ്പുഴയിലേക്കാണ്. അതിനാൽ ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.