തൃശൂർ :ഗുരുവായൂർ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് അരക്കോടിയിൽ അധികം വില വരുന്ന സ്വർണ കിണ്ടി. മുക്കാൽ കിലോയിൽ അധികം തൂക്കമുള്ള സ്വർണ കിണ്ടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിട്ടുള്ളത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരി എന്ന ഭക്തയുടെ പേരിലാണ് കാണിക്ക സമർപ്പണം.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി. 770 ഗ്രാം സ്വർണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.
also read :അസൗകര്യങ്ങളില്ലാതെ വിവാഹങ്ങള്‍ നടക്കട്ടെ; ഗുരുവായൂര്‍ ദേവസ്വത്തിനും മുനിസിപ്പാലിറ്റിക്കും ഹൈക്കോടതി നിര്‍ദേശം
അടുത്തിടെയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കാണിക്കയായി വാഹന നിർമാതാക്കളായ മഹീന്ദ്ര അവരുടെ പ്രീമിയം വാഹനം നല്‍കിയത്. മഹീന്ദ്രയുടെ എസ് യു വി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന എക്‌സ് യു വി 700 എ എക്‌സ് 7 ഓട്ടോമാറ്റിക് വാഹനമാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ 2021 ഡിസംബറിൽ മഹീന്ദ്ര തങ്ങളുടെ ഥാറും ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്നു. തുടർന്ന് ഈ വാഹനം ലേലത്തില്‍ വെച്ചു. ഇത് പിന്നീട് പല വിവാദങ്ങൾക്കും കാരണമായിരുന്നു. വീണ്ടും ലേലത്തില്‍ വച്ച വാഹനം 43 ലക്ഷം രൂപയ്‌ക്കാണ് വിറ്റ് പോയത്. അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്.
also read :ഒടുവില്‍ തര്‍ക്ക പരിഹാരം, ഗുരുവായൂരപ്പന്‍റെ ഥാർ അമൽ മുഹമ്മദിന് തന്നെ ; ലേലമുറപ്പിച്ച് ക്ഷേത്രഭരണസമിതി
ജസ്‌നയുടെ ഉണ്ണിക്കണ്ണന്മാർ :അടുത്തിടെ ഉണ്ണിക്കണ്ണന്‍റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ കോഴിക്കോട് സ്വദേശിനി ജസ്‌ന 101 കൃഷ്‌ണ ചിത്രങ്ങള്‍ ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചിരുന്നു. ഒരാൾ പൊക്കമുള്ള കൃഷ്‌ണ ചിത്രമാണ് ജസ്‌ന ആദ്യം ക്ഷേത്രത്തിന് കൈമാറിയത്. പിന്നീട് മറ്റ് നൂറ് ചിത്രങ്ങൾ ഗുരുവായൂർ കിഴക്കേ നടയിൽ വച്ച് ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൈമാറി.
ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ദേവസ്വം അധികൃതർക്കൊപ്പം ജസ്‌നയുടെ പിതാവ് അബ്‌ദുൾ മജീദും സഹോദരനും ചടങ്ങിൽ പങ്കെടുത്തു. താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്‌ലീം കുടുംബത്തിൽ ജനിച്ച ജസ്‌ന കൗതുകത്തിന് തുടങ്ങിയ വരയ്‌ക്ക് വിവാഹം കഴിഞ്ഞ് കൊയിലാണ്ടിയിൽ എത്തിയ ശേഷമാണ് വഴിത്തിരിവുണ്ടാകുന്നത്. പത്രത്തിൽ വന്ന ഒരു ചിത്രം നോക്കിയാണ് ആദ്യം കണ്ണനെ വരച്ചത്.
കുടുംബത്തിൽ നിന്ന് നിരവധി എതിർപ്പുകൾ നേരിട്ടെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ ജസ്‌ന ചിത്രം വര തുടരുകയായിരുന്നു. നിരവധി പേർക്ക് ചിത്രങ്ങൾ വരച്ചുനൽകിയ ജസ്‌ന ഇതൊരു ജീവിത മാർഗമായി തുടരുകയാണ്.
also read :വിരൽത്തുമ്പിൽ വിരിഞ്ഞ 101 ഉണ്ണിക്കണ്ണന്മാർ ; ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിച്ച് ജസ്‌ന സലിം