തൃശൂർ: ആരാണെന്ന് അറിയില്ല, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല... ഒന്നു മാത്രം അറിയാം, ഈ തിയേറ്റർ അടച്ചു പൂട്ടിക്കാനാണ് ശ്രമം നടക്കുന്നത്. തൃശൂരിന്‍റെ സ്വന്തം ഗിരിജ തിയേറ്റർ ഉടമ ഡോ ഗിരിജ ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി.
2018 മുതൽ ഒരു രൂപ പോലും ബുക്കിംഗ് കമ്മിഷൻ വാങ്ങാതെ സോഷ്യൽ മീഡിയ വഴി ഗിരിജ തിയേറ്ററിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യമൊക്കെ ഡോ ഗിരിജയ്ക്ക് സൈബർ ആക്രമണം എന്നാല്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്.
ഗിരിജ തിയേറ്ററിന്‍റെ 12ലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് അഞ്ച് വർഷത്തിനിടെ പൂട്ടിച്ചത്. ഓരോ തവണയും സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നഷ്‌ടപ്പെടുമ്പോൾ പുതിയത് തുടങ്ങിയായിരുന്നു ഗിരിജയുടെ പ്രതിരോധം. സൈബർ ആക്രമണം ആവർത്തിച്ചതോടെ ഒരു ഏജൻസിയുടെ സഹായം തേടി. അവർ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഒടുവിലായി സൈബർ ആക്രമണത്തിൽ നഷ്‌ടമായത്.
സൈബർ സെല്ലിൽ പരാതി നൽകിയിട്ടും രക്ഷയില്ല. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സൈബർ സെല്ലിലും പരാതി നൽകി. ഒരു കാര്യവുമില്ല. വൻകിട കോർപ്പറേറ്റ് ബുക്കിങ് സൈറ്റുകൾ തിയേറ്ററിന് വിലക്കേർപ്പെടുത്തിയപ്പോഴും സധൈര്യം നേരിട്ട ഡോ ഗിരിജ ഇപ്പോൾ നിരന്തര സൈബർ ആക്രമണത്തിന് ഇരയാണ്. ഒരു എംഎല്‍എയും നടൻ പൃഥ്വിരാജും വരെ സഹായത്തിനെത്തിയിട്ടും സൈബർ ആക്രമണത്തില്‍ തളരുകയാണ് ഗിരിജ.
പോരാടുന്നത് കോർപ്പറേറ്റ് ഭീമൻമാരോട്:ബുക്ക് മൈ ഷോ അടക്കമുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകൾക്ക് ബദലായി വാട്ട്സ്ആപ്പ് വഴിയും ടെലി-കോളുകളിലൂടെയുമാണ് ഡോ ഗിരിജ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയത്. അതോടെ ബുക്കിംഗ് സൈറ്റുകളിൽ നിന്നും ഗിരിജ തിയേറ്ററിനെ വിലക്കി. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന അധിക ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ചാർജ് ഒഴിവാക്കി സാധാരണക്കാരന് ടിക്കറ്റ് എടുക്കാൻ സാധിക്കണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ബുക്കിംഗ് സൗകര്യമാണ് ഗിരിജ തിയേറ്ററിനെ പ്രതിസന്ധിയിലാക്കിയത്.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത 'മധുര മനോഹര മോഹം' എന്ന സിനിമയുടെ ബുക്കിംഗിന് യാതൊരു മാർഗവുമില്ലാത്ത അവസ്ഥയിലാണ് ഡോ ഗിരിജ. സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണയുമായി സിനിമ പ്രേമികൾ രംഗത്തുവന്നെങ്കിലും ബുക്കിംഗിന് വിലക്കുള്ളതിനാല്‍ സിനിമ കാണാൻ ആളെത്തുന്നില്ലെന്നതാണ് വാസ്‌തവം.