തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകൾക്ക് വർഷം മുഴുവനും കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലസ്രോതസായിരുന്ന ഗായത്രിപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു. സാധാരണയായി ഈ സമയത്ത് മുറിയാതെ ഒഴുകിയിരുന്ന പുഴ വേനല്‍ മഴ എത്താതായതോടെ മെലിഞ്ഞില്ലാതെയായിരിക്കുകയാണ്. ഗായത്രി പുഴയിലെ ജല നിരപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലേയും ജല സ്രോതസുകളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചതോടെ പ്രദേശത്ത് ശുദ്ധജല ക്ഷാമം ആരംഭിക്കുകയും ചെയ്തു.
ഗായത്രിപുഴയില്‍ ജലനിരപ്പ് കുറഞ്ഞു ; കുടിവെള്ളക്ഷാമം രൂക്ഷം
സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളില്‍ വെള്ളമില്ല.
മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മംഗലംഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടാൽ മാത്രമേ ചീരക്കുഴി റഗുലേറ്ററിൽ വെള്ളം എത്തുകയുള്ളൂ. ചീരക്കുഴി റഗുലേറ്ററിൽ ജലം സംഭരിച്ചാണ് 2500 ഏക്കർ കൃഷിക്കും കുടിവെള്ളത്തിനും വിതരണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കടുത്ത വരൾച്ച മൂലം ജനങ്ങൾക്ക് ജലം കിട്ടാക്കനിയാക്കി മാറ്റി. പലയിടത്തും പുഴ വറ്റി നീർച്ചാലായി മാറിയിരിക്കുകയാണ്. ഫെബ്രുവരി മാസം മുതൽ ഈ സംവിധാനം നിലച്ചതിലൂടെ ഗായത്രിപുഴ കടന്നു പോകുന്ന പഴയന്നൂർ, കൊണ്ടാഴി, തിരുവില്ലാമല തുടങ്ങി അഞ്ച് പഞ്ചായത്തുകളിൽ കടുത്ത ജല ക്ഷാമമാണ് അനുഭവപ്പെടുന്നത്. കൃഷിക്കും കുടിവെള്ളത്തിനുമായി ഈ പ്രദേശങ്ങളിൽ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്.