തൃശൂർ:മയക്കുമരുന്ന് ലഹരിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച നാലംഗ സംഘം മണിക്കൂറുകള്‍ക്കകം പൊലീസിന്‍റെ പിടിയിൽ. ഇടുക്കി സ്വദേശി ആല്‍ബര്‍ട്ട് (22), മൂര്‍ക്കനാട് സ്വദേശി അനുമോദ് (19), അരിപ്പാലം സ്വദേശി വിനു സന്തോഷ് (23), അടിമാലി സ്വദേശി ആശംസ് (19) എന്നിവരാണ് ഡിവൈഎസ്‌പി ഫേമസ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഇരിങ്ങാലക്കുട, കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇവർ അക്രമങ്ങളും നടത്തിയിരുന്നു.
മയക്കുമരുന്ന് ലഹരിയില്‍ ആക്രമണം; നാല് പേര്‍ അറസ്‌റ്റില്‍
മയക്കുമരുന്ന് ലഹരിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഇരിങ്ങാലക്കുട, കാട്ടൂര്‍ പ്രദേശങ്ങളിൽ അക്രമം നടത്തുകയും ചെയ്‌തതിനാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്ച്ച രാത്രി 8.30തോടെ കാറില്‍ എത്തിയ ഗുണ്ടാസംഘം എടക്കുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഇളയിടത്ത് വത്സല എന്ന സ്‌ത്രീയുടെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഈ സമയം വത്സല സമീപത്തെ ബന്ധുവീട്ടിലായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന വത്സലയുടെ ബന്ധുവിനെയും സുഹൃത്തുക്കളെയുമാണ് സംഘം വടിവാള്‍ വീശി ആക്രമിച്ചത്. ആക്രമണത്തില്‍ പൊറത്തിശ്ശേരി സ്വദേശി ജിബിന് (24) വെട്ടേറ്റിരുന്നു. ജിബിന്‍റെ ഇരുകൈകളിലും കാലിനും ആഴത്തില്‍ വെട്ടേറ്റു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് സംഘം മൂര്‍ക്കനാടും കാറളത്തും ആക്രമണം നടത്തി. കാറളത്ത് തൈവളപ്പില്‍ വീട്ടില്‍ സജീവനെ (48)യും വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ വത്സലയുടെ വീട്ടിലെത്തിയ സംഘം പന്നിപടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വടിവാള്‍ വീശി വീട് നശിപ്പിക്കുകയുമായിരുന്നു. കാട്ടൂര്‍ എസ്ഐ വി.വി. വിമലിന്‍റെയും ഇരിങ്ങാലക്കുട എസ്.ഐ പി.ജി അനൂപിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുക്കാരുടെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്‌തു. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.