തൃശ്ശൂർ: കൊറ്റമ്പത്തൂരിലെ വനത്തിൽ കാട്ടുതീയിൽപെട്ട് മരിച്ച വനംവകുപ്പ് ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വനംവകുപ്പിന്‍റെ സഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിരം ജീവനക്കാരനായിരുന്ന വാളയാർ സ്വദേശി ദിവാകരന്‍റെ ആശ്രിതർക്ക് സ്ഥിര നിയമനവും താൽകാലിക ജീവനക്കാരായ വേലായുധന്‍റെയും, ശങ്കരന്‍റെയും ആശ്രിതർക്ക് താൽകാലിക നിയമനവും നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
തൃശ്ശൂർ കാട്ടുതീ മരണം; മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് വനംവകുപ്പ് മന്ത്രി
പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്ന് 7.50 ലക്ഷത്തിന്‍റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു ലക്ഷത്തിന്‍റെയും ചെക്ക് മരിച്ചവരുടെ കുടുംബത്തിന് കൈമാറി.
പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്ന് 7.50 ലക്ഷത്തിന്‍റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു ലക്ഷത്തിന്‍റെയും ചെക്ക് മരിച്ചവരുടെ കുടുംബത്തിന് കൈമാറി. കാട്ടുതീ തടയുന്നതിന് ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തും. വനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളടങ്ങിയ രണ്ട് ഫയർ റെസ്പോൻഡർ വാഹനങ്ങൾ ഇതിനകം വനം വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ സാറ്റലൈറ്റ് ഉപയോഗിച്ച് കേരളത്തിലെ ഏത് പ്രദേശത്ത് തീപിടിത്തമുണ്ടായാലും വനം വകുപ്പ് അധികൃതർക്ക് അറിയാനുള്ള ആധുനിക സൗകര്യങ്ങൾ ഉണ്ട്. നിലവിലെ തീയണക്കുന്നതിനുള്ള സംവിധാനങ്ങൾ മാറ്റുമെന്നും കാട്ടുതീ തടയുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും, വനം സംരക്ഷിക്കുന്നതിനും വനജാഗ്രതാ സംരക്ഷണ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.